Latest News

മാറ്റം അനിവാര്യം, സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാം'; ഡബ്ല്യു.സി.സി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

Malayalilife
 മാറ്റം അനിവാര്യം, സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാം'; ഡബ്ല്യു.സി.സി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

റെ നാളത്തെ കാത്തിരിപ്പിനും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. തങ്ങള്‍ നേരിട്ട അതിക്രമങ്ങളും ചൂഷണങ്ങളും തുറന്ന് പറഞ്ഞ് ഒട്ടനവധി അഭിനേത്രികളാണ് രംഗത്ത് എത്തികൊണ്ടിരിക്കുന്നത്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു തുടങ്ങി ഒട്ടനവധി നടന്മാര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. ഈ അവസരത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്യൂസിസി)പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.

സിനിമ മേഖലയിലെ വിവിധ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തുറന്നുപറയുന്ന പശ്ചാത്തലത്തില്‍ 'മാറ്റം അനിവാര്യം' എന്ന് സമൂഹമാധ്യമ കുറിപ്പുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്). 'മാറ്റം അനിവാര്യം. 'നോ' എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം '- ഡബ്ല്യു.സി.സി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മാറ്റം അനിവാര്യം എന്ന ഹാഷ്ടാഗും ഒപ്പമുണ്ട്. പിന്നാലെ നിരവധി പേരാണ് സംഘടനയെ പുകഴ്ത്തി രംഗത്ത് എത്തിയത്. മാറ്റം അനിവാര്യമാണെന്നും ഡബ്യൂസിസിയുടെ പോരാട്ടം തുടരണമെന്നും ഇവര്‍ കുറിക്കുന്നു.

സിനിമയിലെ വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഡബ്ല്യു.സി.സിയുടെ നിവേദനത്തെ തുടര്‍ന്നാണ് 2017ല്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമ മേഖലയില്‍ കടുത്ത ലൈംഗികാതിക്രമം നടക്കുന്നുവെന്ന കമ്മിറ്റി റിപ്പോര്‍ട്ട് കോളിളക്കമുണ്ടാക്കി. ഇതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങള്‍ അനുഭവിച്ച ചൂഷണങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടിവന്നു. ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന നടി രേവതി സമ്പത്തിന്റെ ആരോപണത്തില്‍ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖിനും രാജിവെക്കേണ്ടിവന്നു. നടനും എം.എല്‍.എയുമായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, സംവിധായകന്‍ തുളസീദാസ്, വി.കെ പ്രകാശ് തുടങ്ങി നിരവധി സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരിക്കുകയാണ്.

ആരോപണങ്ങളില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നാല് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് കേസിന്റെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐ.ജി സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഡി.ഐ.ജി എസ്. അജിത ബീഗം, എ.ഐ.ജി ജി. പൂങ്കുഴലി, എസ്.പി മെറിന്‍ ജോസഫ്, ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനന്‍, വി. അജിത് എന്നിവരും ഉള്‍പ്പെടുന്നു.

women in inema collective facebook

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES