Latest News

പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ കെ.ആര്‍ നാരായണന്‍ കാമ്പസില്‍ പിന്തുണയുമായെത്തി;അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരേ സധൈര്യം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് ഡബ്ലുസിസി

Malayalilife
 പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ കെ.ആര്‍ നാരായണന്‍ കാമ്പസില്‍ പിന്തുണയുമായെത്തി;അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരേ സധൈര്യം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് ഡബ്ലുസിസി

കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മലയാള സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി) രംഗത്ത്. കലാലയത്തിലെ അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരേ സധൈര്യം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ കാമ്പസില്‍ നേരിട്ടെത്തിയാണ് പിന്തുണ നല്‍കിയത്.സിനിമ പഠിക്കുമ്പോഴും സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും സര്‍ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍, വിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്ന ഇടങ്ങള്‍ 'സിനിമ' എന്ന സമഗ്രമായ കലയുടെയും അതില്‍ പങ്കുകൊള്ളുന്നവരുടെയും വളര്‍ച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവര്‍ക്കുമറിയാം.

ഈ അറിവില്‍ ഊന്നിനിന്നുകൊണ്ടുതന്നെ, ജനാധിപത്യ ബോധത്തോടെ, അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരേ സധൈര്യം പ്രതിഷേധിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു' എന്നാണ് ഡബ്ല്യൂസിസി കുറിച്ചത്.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെതിരേ നേരത്തേ പ്രതിഷേധമുണ്ടായിരുന്നു. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ നടത്തുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടകനായി അടൂരിനെ തീരുമാനിച്ചതോടെ, മേളയില്‍നിന്ന് തന്റെ 'ഫ്രീഡം ഫൈറ്റ്' എന്ന സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ജിയോ ബേബി അറിയിച്ചിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനാകുന്നതില്‍ പ്രതിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്നാണ് ജിയോ ബേബി കുറിച്ചത്.

Read more topics: # ഡബ്ല്യൂസിസി
wcc support kr narayanan film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES