കടയില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴാണ് എക്കാലത്തും ആരാധിച്ചിരുന്ന സൂപ്പര്‍സ്റ്റാറില്‍ നിന്ന് സന്ദേശം ലഭിച്ചത്;ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍ എന്ന് പറഞ്ഞപ്പോള്‍ സത്യമാണോ സ്വപ്നമാണോ എന്ന അവസ്ഥയിലായിരുന്നു;ജയ ജയ ജയ ഹേ സംവിധായകന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
കടയില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴാണ് എക്കാലത്തും ആരാധിച്ചിരുന്ന സൂപ്പര്‍സ്റ്റാറില്‍ നിന്ന് സന്ദേശം ലഭിച്ചത്;ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍ എന്ന് പറഞ്ഞപ്പോള്‍ സത്യമാണോ സ്വപ്നമാണോ എന്ന അവസ്ഥയിലായിരുന്നു;ജയ ജയ ജയ ഹേ സംവിധായകന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ജയ ജയ ജയ ജയഹേ ' . കേരളത്തിനു പുറത്തും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ആമീര്‍ ഖാന്‍ തന്നെ നേരിട്ട് അഭിനന്ദിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. 

ഒരു ദിവസം പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനായി നില്‍ക്കുമ്പോഴാണ് ആമിര്‍ ഖാന്റെ മെസ്സേജ് വന്നത്. പിന്നീട് ആമിര്‍ ഖാന്‍ ഫോണില്‍ വിളിച്ചപ്പോഴും എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ആമിര്‍ ഖാനെ നേരിട്ട് കാണാന്‍ കഴിഞ്ഞതും അദ്ദേഹം പങ്കുവെച്ച സ്‌നേഹാന്വേഷണങ്ങളും സൗഹൃദവും തന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണെന്ന് വിപിന്‍ ദാസ് പറഞ്ഞു. ആമിര്‍ ഖാനൊപ്പമുള്ള ചിത്രങ്ങളും ആമിര്‍ അയച്ച സന്ദേശവും പങ്കുവെച്ചുകൊണ്ടാണ് വിപിന്‍ ദാസിന്റെ കുറിപ്പ്.

ഒരു ദിവസം ഒരു ചെറിയ നഗരത്തിലെ സിനിമാ സംവിധായകന്‍ അടുത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴാണ് അയാള്‍ എക്കാലത്തും ആരാധിച്ചിരുന്ന സൂപ്പര്‍സ്റ്റാറില്‍ നിന്ന് ജയ ജയ ജയ ജയ ഹേ എന്ന സിനിമയെക്കുറിച്ചുള്ള സന്ദേശം ലഭിച്ചത്. താരേ സമീന്‍ പര്‍ എന്ന (ആമിര്‍ ഖാന്‍ സംവിധാനം ചെയ്ത് ദര്‍ശീല്‍ ദേശായി, ആമിര്‍ ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം) പോലെയാണ് തോന്നിയത്. അദ്ദേഹം ഫോണില്‍ വിളിച്ച് ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍ എന്ന് പറഞ്ഞതുകൂടി ആയപ്പോള്‍ എല്ലാം സത്യമാണോ സ്വപ്നമാണോ എന്ന അവസ്ഥയിലായിരുന്നു അയാള്‍. ആ നിമിഷത്തില്‍ എന്റെ ആദ്യ ഹൃദയാഘാതത്തെ അതിജീവിച്ചു എന്ന് തന്നെ പറയാം.

ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇരുന്നപ്പോള്‍ എന്റെ ജീവിതം ഒന്നാകെ എന്റെ കണ്ണില്‍കൂടി മിന്നി മറിയുകയായിരുന്നു. ഞങ്ങളുടെ കൂടികാഴ്ചയും സംഭാഷണങ്ങളും കഥകളും സിനിമകളും ഭക്ഷണവും എനിക്ക് എന്നന്നേക്കും വിലപ്പെട്ടതാണ്. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അദ്ദേഹം കാണിക്കുന്ന കരുതലും എന്നോടുള്ള സൗഹൃദവും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്തതാണ്. അത് എക്കാലവും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആമിര്‍ സാറിന്റെ ഈ സ്‌നേഹത്തിന് നന്ദി. എന്റെ സിനിമയില്‍ അഭിനയിച്ച പ്രിയപ്പെട്ട അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ജയ ഹേ പ്രേമികളോടും പങ്കിടുന്നു. എല്ലാവര്‍ക്കും നന്ദി.''- വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.


 

vipin das shared meeting with ameer khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES