മോഹന്‍ലാലിനെ നായകനാക്കി ഇതിഹാസകഥാപാത്രം രാവണനെ അരങ്ങിലെത്തിക്കാനൊരുങ്ങി വിനയന്‍. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സൂചന അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'ഇതിഹാസ കഥാപാത്രം രാവണനായി ശ്രീ മോഹന്‍ ലാല്‍..ചിത്രകാരന്റെ ഭാവനയില്‍' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒന്നായിരിക്കുമെന്ന് നേരത്തെ തന്നെ വിനയന്‍ അറിയിച്ചിരുന്നത് ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ വെച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന്‍ എന്ന കഥാപാത്രം ഉണ്ടെന്ന് വിനയന്‍ പ്രതികരിച്ചിരുന്നു.
അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ തന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ചു തന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. അത് പരിഗണനയില്‍ ഉള്ള ഒരു കാര്യമാണ്. എന്നാല്‍ ചിത്രത്തിന്റെ കാര്യം പൂര്‍ണ്ണമായി തീരുമാനമായിട്ടില്ല. ആശയം മനസിലുണ്ടെങ്കിലും മോഹന്‍ലാലുമായി അത് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്തിട്ട് ഒരു തീരുമാനത്തില്‍ എത്തുകയാണെങ്കില്‍ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും വിനയന്‍ ഒരുമാധ്യമത്തിനോട് വ്യക്തമാക്കി.
രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് മുതലെയുള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെങ്കില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്. കാരണം വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത് കഥാപാത്രങ്ങളെക്കാളും, അത് അര്‍ജുനന്‍ ആയിക്കോട്ടെ, ഭീമന്‍ ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്‍ക്കുന്നതായി കുഞ്ഞുനാള്‍ മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന്‍ ആണ് .
നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അത് മനസ്സില്‍ കിടപ്പുണ്ട്. മോഹന്‍ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരുവലിയ സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കഥയില്‍ രാവണന്‍ തന്നെയായിരിക്കും ഹീറോയെന്നും വിനയന്‍ പറഞ്ഞു.
ശ്രീരാമനും സീതയുമെല്ലാം രാവണന്റെ ജീവിതത്തില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ആയിരിക്കും. പക്ഷെ സംഭവം എന്തെന്ന് വച്ചാല്‍ ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞിട്ടേ എനിക്കത് കണ്‍ഫേം ചെയ്യാന്‍ പറ്റൂ. കഥയുടെ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഞാന്‍ ലാലിനെ കാണാന്‍ പോകുമ്പോള്‍ ആദ്യം പറയുന്ന സബ്ജക്ടും ഈ രാവണന്റെ കഥ തന്നെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകൂ.