ഇന്ത്യ ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഇന്ന് പിന്നിട്ടിരിക്കുകയാണ്. നടന്മാരും സെലിബ്രിറ്റികളുമെല്ലാം തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയാണ്. തമിഴ്‌നാട്ടില് വിജയ് സേതുപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് നടത്തിയ വാക്കുകളാണ് ഇപ്പോള്‍ വാറലായി മാറുന്നത്. വലിയൊരു സദസ്സിനോട് വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും നിങ്ങളുടെ വോട്ടുകള്‍ ജാതിയും മതവും പറഞ്ഞു വരുന്നവര്‍ക്ക് കൊടുക്കരുതെന്നും അഭ്യര്‍ത്ഥിക്കുകയാണ് താരം.
''സ്‌നേഹമുള്ളവരെ, നിങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ നന്നായി നോക്കി വോട്ട് ചെയ്യണം. സൂക്ഷിച്ച് വോട്ട് ചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം വേണം നില്‍ക്കാന്‍. അല്ലാതെ ജാതിക്കൊരു പ്രശ്‌നം, മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളില്‍ പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും.
നമ്മളാണ് ഒടുവില്‍ കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താന്‍,'' എന്നാണ് വിജയ് സേതുപതി വീഡിയോയില്‍ പറയുന്നത്. മക്കള്‍ സെല്‍വന്റെ വാക്കുകളെ കയ്യടികളോടെ വരവേല്‍ക്കുന്ന ആള്‍ക്കൂട്ടത്തെയും വീഡിയോയില്‍ കാണാം. മലയാളമണ്ണിലും ഏറെ ആരാധകരുള്ള താരത്തിന്റെ വാക്കുകള്‍ക്ക് ഏറെ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.