വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് ദേവദൂതന്‍. മനോഹരമായ പാട്ടുകളാല്‍ സമ്പന്നമായ ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബോളിവുഡ് നടി ജയപ്രദയും എത്തിയിരുന്നു. എന്നാല്‍ മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത മുഖമായിരുന്നു ദേവദൂതനിലെ സ്നേഹ എന്ന കഥാപാത്രം അവതരിപ്പിച്ചത്. തെന്നിന്ത്യയിലെ സൂപ്പര്‍ താരമായിരുന്ന വിജയ ലക്ഷ്മിയാണ് ആ കഥാപാത്രം അഭിനയിച്ചത്.
തൊട്ടതെല്ലാം പൊന്നെന്ന് പറയുന്നതു പോലെ ആദ്യ കന്നഡ ചിത്രം മുതല്‍ സൂപ്പര്‍ ഹിറ്റ് നായകന്മാരുടെ സൂപ്പര്‍ ഹിറ്റ് നായികയും അതുവഴി കോടികള്‍ വാരിക്കൂട്ടിയ ചിത്രങ്ങളുമെല്ലാം ബോക്സോഫീസില്‍ എത്തിച്ച നായികയായിരുന്നു വിജയ ലക്ഷ്മി. ചെന്നൈയില്‍ ജനിച്ച് ബാംഗ്ലൂരില്‍ വളര്‍ന്ന വിജയ ലക്ഷ്മി 20-ാം വയസിലാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. അധികമാര്‍ക്കും ഉണ്ടാകാത്ത ഈ മഹാഭാഗ്യം കൈവന്ന നടിമാര്‍ വളരെ ചുരുക്കമായിരിക്കും.
2000ല്‍ പുറത്തിറങ്ങിയ ദേവദൂതന്‍ എന്ന ചിത്രത്തിന് വെറും മൂന്നു വര്‍ഷം മുമ്പാണ് നടി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 97ല്‍ നാഗമണ്ഡല എന്ന കന്നഡ ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. പ്രകാശ് രാജും വിജയലക്ഷ്മിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. റാണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തന്റെ ആദ്യ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നടി സ്വന്തമാക്കി.
ആദ്യ സിനിമ തന്നെ വലിയ വിജയം ആയതോടെ നടിക്ക് അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട് കന്നഡയില്‍ നിന്നും എത്തിയത്. അതേ വര്‍ഷം തന്നെ ജോഡി ഹക്കി, രംഗണ എന്നീ ചിത്രങ്ങളിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 98ല്‍ മുരളി, ദേവയാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തിയ പൂന്തോട്ടം എന്ന ചിത്രത്തില്‍ നായികയായി തമിഴിലും അരങ്ങേറ്റം കുറിച്ചു. അങ്ങനെയിരിക്കവേയാണ് 2000ല്‍ ദേവദൂതനിലേക്ക് എത്തിയത്.
വിടര്‍ന്ന കണ്ണുകളും ചിരിയും അഴിച്ചിട്ട മുടിയും മോഡേണ്‍ വസ്ത്രവും നാടന്‍ വസ്ത്രവും എല്ലാം ഒരുപോലെ അണിയുന്ന അതിസുന്ദരിയായിരുന്നു വിജയ ലക്ഷ്മി. അന്യഭാഷയില്‍ നിന്നും വന്ന ഒരു നടി എന്ന നിലയ്ക്ക് അതിന്റെ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ സ്‌നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയലക്ഷ്മിക്ക് കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഫ്രണ്ട്സിന്റെ തമിഴ് റീമേക്കില്‍ അരവിന്ദന്റെ അനിയത്തി ആയി മലയാളത്തില്‍ ദിവ്യാ ഉണ്ണി ചെയ്ത കഥാപാത്രത്തെയാണ് വിജയലക്ഷ്മി തമിഴില്‍ അവതരിപ്പിച്ചത്.
അമുത എന്ന കഥാപാത്രം ആയിരുന്നു അത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് കളകളപ്പു, രാമചന്ദ്ര, മിലിറ്ററി, യെസ് മാഡം, സൂരി എന്നി തമിഴ് ചിത്രങ്ങളിലും നടി വേഷമിട്ടു. ഇങ്ങനെ പ്രശ്സതിയുടെ ഉന്നതിയില്‍ നില്‍ക്കവേയാണ് നടിയുടെ സ്വകാര്യ ജീവിതം തന്നെ തകര്‍ന്നടിയുന്ന നിലയിലേക്കുള്ള സംഭവങ്ങളുണ്ടായത്. 26-ാം വയസില്‍ വിജയലക്ഷ്മിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വരികയും അവരുടെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആയിരുന്നു നടി. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഏറെ സ്നേഹിച്ച പിതാവിന്റെ മരണത്തില്‍ തകര്‍ന്നിരിക്കുന്ന വേളയിലാണ് പീഡനശ്രമവും ആത്മഹത്യയും എല്ലാം നടന്നത്. എന്നാല്‍ ആ പ്രശ്നങ്ങളില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു വന്ന നടി സുഖം പ്രാപിച്ചു വരവേയാണ് അതേ വര്‍ഷം തന്നെ നടന്‍ സൃജന്‍ ലോകേഷുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡേറ്റിംഗിലായിരുന്നു ഇവര്‍. അങ്ങനെ 2007 മാര്‍ച്ചില്‍ വിവാഹനിശ്ചയവും നടന്നുവെങ്കിലും വിവാഹത്തിനു മുന്നേ ആ ബന്ധം വേര്‍പിരിയുകയായിരുന്നു.
പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ അതിന്റെ ആഘാതത്തിലായിരുന്നു നടി. തുടര്‍ന്ന് 2010ല്‍ കോമഡി ചിത്രമായ ബോസ് എങ്കിര ഭാസ്‌കരനിലൂടെ ഒരു ഇടവേളക്ക് ശേഷം നടി അതിശക്തമായി തിരിച്ചു വരികയായിരുന്നു. എന്നാല്‍ 2020ല്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനെതിരെ പരാതിയുമായി നടി രംഗത്തെത്തി. ഇരുവരും ഒരുമിച്ച് ജീവിച്ചു വരികയായിരുന്നുവെന്നും എന്നാല്‍ തന്നെ വാഗ്ധാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്നും ആരോപിച്ചാണ് നടി പരാതി നല്‍കിയത്. തുടര്‍ന്ന് സീമാന്റെയും അനുയായികളുടെയും ഭാഗത്ത് നിന്നും വലിയ ഉപദ്രവമാണ് നടി നേരിട്ടത്. ഇതില്‍ മനംനൊന്ത് 2020 ജൂലൈയില്‍ രക്തസമ്മര്‍ദ്ദ ഗുളികകള്‍ അമിതമായി കഴിച്ച് അവര്‍ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നും തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്. ഒരു സമയത്ത് സിനിമാ ലോകത്ത് തിളങ്ങി നിന്ന നടി ഇപ്പോള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്.