മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ച ചിത്രവുമാണ്. ഇപ്പോഴിതാ വി എ ശ്രീകുമാറിന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍ വീണ്ടും എത്തുകയാണ്. സിനിമയിലല്ല, മറിച്ച് അതൊരു പരസ്യചിത്രം ആയിരിക്കും.
മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ഒടിയന്‍ ചിത്രീകരിച്ച പാലക്കാടാണ് പരസ്യചിത്രവും ചിത്രീകരിക്കുക. ഈമാസം ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിനൊപ്പം പുതിയ ചിത്രം ശ്രീകുമാര്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു,
സിനിമയില്‍ എത്തുന്നതിനുമുന്‍പേ പരസ്യ മേഖലയില്‍ സജീവമാണ് ശ്രീകുമാര്‍. പുഷ്പ എന്ന ശ്രീകുമാറിന്റെ ഉടമസ്ഥതയിലെ അഡ്വര്‍ടൈസിംഗ് കമ്പനിയുടെ പരസ്യചിത്രങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. അതേസമയം മലയാള സിനിമയില്‍ ഏറെ വിമര്‍ശനം നേരിട്ട ചിത്രമായിരുന്നു ഒടിയന്‍. എങ്കിലും ചിത്രം 50 കോടി ക്‌ളബില്‍ ഇടം പിടിച്ചിരുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത ഏക ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനായി മിഷന്‍ കൊങ്കണ്‍ എന്ന ചിത്രം ബോളിവുഡില്‍ പ്രഖ്യാപിച്ചിരുന്നു.