സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഉണ്ണിമുകുന്ദന് ആശ്വാസം. കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയുടെ പരാതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെ കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നും നടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി 2021 മേയ് ഏഴിന് വിചാരണ നടപടികള്‍ രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് ഒത്തുതീര്‍പ്പായെന്ന് നടന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍നടപടിയ്ക്ക് കേസ് ഓണം അവധിയ്ക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി അന്നും കോടതി സ്റ്റേ നീട്ടുകയായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ആദ്യം വീണ്ടും കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് നടന്റെ ഹര്‍ജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോള്‍ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് അറിയിച്ചതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.