സിനിമകളില്‍ മാത്രമല്ല, ജീവിതത്തിലും ടൊവിനോ തോമസ് സാഹസികതകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. തന്റെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.
ഇത്തവണ അത്തരത്തില്‍ താന്‍ നടത്തിയ ഒരു സാഹസികതയുടെ വീഡിയോ ആണ് ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപ് ലൈനിലൂടെയുള്ള യാത്ര നടത്തിയിരിക്കുകയാണ് ടൊവിനോ. അത് സാധാരണ സിപ് ലൈനല്ല. റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈന്‍.
ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ യാത്രയാണിത്. ശ്വാസം നിലച്ചു പോകുന്ന അനുഭവമാണ് ഇത് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. അനൗദ്യോഗിക വിവര പ്രകാരം ലോകത്തെ ഏറ്റവും വേഗം കൂടിയ സിപ് ലൈന്‍ കൂടിയാണിത്.
ഒരു ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അപകടമുണ്ടായതിന് ശേഷം അടുത്തിടെയാണ് വീണ്ടും റാസ് അല്‍ ഖൈമയിലെ സിപ് ലൈന്‍ പൊതുജനത്തിനായി തുറന്നു കൊടുത്തത്. 2.83 കിലോമീറ്ററാണ് ഇതിന്റെ നീളം.ഒരു മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെയാണ് റൈഡര്‍മാര്‍ പറക്കുന്നത്. സമുദ്രനിരപ്പിന് 1,680 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.