സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. റിലീസായി മണിക്കൂറുകള്‍ക്കകം കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജ പതിപ്പ് ടെലഗ്രാമില്‍. 1080p മുതല്‍ 240p വരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്റെ പ്രിന്റ് പ്രചരിക്കുന്നത്. തമിള്‍ റോക്കേഴ്‌സ്, ടോറന്റ് പ്ലാറ്റ്‌ഫോമുകളിലും ചിത്രം പ്രചരിക്കുന്നതായാണ് കണ്ടെത്തല്‍.
ഇതിന് പുറമേ ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും കങ്കുവയുടെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്നതായി അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഉപഭോക്താക്കള്‍ക്ക് ഫയല്‍ എളുപ്പം കണ്ടെത്താനാവും വിധമുളള സേര്‍ച്ച് വേഡുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ലീക്ക് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കളായ സ്റ്റുഡിയോ ?ഗ്രീന്‍ വ്യക്തമാക്കി.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവയുടെ സംവിധാനത്തിലെത്തിയ ഫാന്റസി-ആക്ഷന്‍ ചിത്രത്തില്‍ സൂര്യയ്ക്കും പ്രതിനായക വേഷത്തിലെത്തുന്ന ബോളിവുഡ് താരം ബോബി ഡിയോളിനും പുറമെ ദിഷ പടാനിയും മുഖ്യവേഷം അവതരിപ്പിക്കുന്നുണ്ട്. ദിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. ആഗോളവ്യാപകമായി 38 ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
കങ്കുവയ്ക്കുശേഷം പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കാര്‍ത്തിക് സുബ്ബാരാജാണ് സംവിധാനം ചെയ്യുന്നത്. 'സൂര്യ 44' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂര്‍ത്തിയായിട്ടുണ്ട്. റൊമാന്റിക് ആക്ഷന്‍ ചിത്രമായിരിക്കും 'സൂര്യ 44' എന്നാണ് കാര്‍ത്തിക്കിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് സൂര്യയുടെ നായിക. ജയറാം, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.