മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ് എന്നിവര്‍ അഭിനയിക്കുന്ന മലയാളം വെബ് സീരീസ് വരുന്ന എന്ന രീതിയില്‍ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ മലയാള താരങ്ങള്‍ അണിനിരക്കുന്ന ഒടിടി സംരഭത്തിന് തുടക്കം കുറിക്കുകയാണ് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇഷ്‌ക്, പട സിനിമയുടെ നിര്‍മ്മാതാക്കളായ ഇ ഫോര്‍ ഇന്റര്‍ടെയ്ന്‍മെന്റാണ് ഇതിന് പിന്നില്‍.
ഇ ഫോര്‍ ഇന്റര്‍ടെയ്ന്‍മെന്റ്് വരാനിരിക്കുന്ന വെബ് സീരീസിലേക്ക് അഭിനേതാക്കളെ തേടികൊണ്ട് ഈ മാസം ആദ്യം ഒരു കാസ്റ്റിങ് കോള്‍ പ്രഖ്യപിച്ചിരുന്നു. ഒ ടി ടി പ്ലേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സണ്ണി വെയ്നും നിഖില വിമലും പ്രധാന കഥാപാത്രങ്ങളാകുമെന്നാണ്. ഏത് ഒടിടി പ്ലാറ്റ്‌ഫോമാണെന്നുള്ള വിവരവും സംവിധായകനെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും നിര്‍മ്മാതാക്കള്‍ നടത്തിയിട്ടില്ല.
നടന്‍ ആസിഫ് അലിയെ നായകനാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ സീരീസ് വരുന്നതായി ഒ ടി ടി പ്ലേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സീരീസില്‍ ഗണപതിയും ബാലു വര്‍ഗീസും എത്തുമെന്നും സൂചനകളുണ്ട്. 15 കോടിയിലധികം ബജറ്റ് വരുന്ന പരമ്പര ഏറ്റവും ചിലവേറിയ ആദ്യ മലയാള വെബ് സീരീസ് കൂടിയാണ്.
അഷിഖ് അബു, മഹേഷ് നാരായണന്‍ അടക്കമുളള സംവിധായകര്‍ മലയാളം വെബ്സീരീസിനായി വിവിധ ഒ ടി ടി പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു.