മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ സിനിമ പ്രവേശനത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിട്ട് കുറച്ച് കാലമായി. പുഷ്പ, ബാഹുബലി തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ സിനിമകളിലെ രംഗങ്ങള്‍ വച്ചുള്ള വാര്‍ണറുടെ ഇന്‍സ്റ്റ റീലുകള്‍ വന്‍ ഹിറ്റായിരുന്നു. ഇന്ത്യന്‍ സിനിമകളുടെ വലിയ ആരാധകനാണ് വാര്‍ണര്‍. ഇന്‍സ്റ്റ റീലുകള്‍ക്ക് വലിയ ഹിറ്റായതോടെ വാര്‍ണറെ സിനിമയില്‍ കാണാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വാര്‍ണര്‍ തെലുങ്ക് താരം നിഥിന്‍ നായകനായി വരാനിരിക്കുന്ന ചിത്രമായ റോബിന്‍ഹുഡില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2024 സെപ്റ്റംബറിലെ ചിത്രത്തിന്റെ ഓസ്ട്രേലിയ ഷെഡ്യൂളിനിടെ വാര്‍ണറുടെ ചിത്രത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാവ് രവിശങ്കര്‍ സംഭവം സ്ഥിരീകരിച്ചു 'ഡേവിഡ് വാര്‍ണര്‍ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്, അത് ആവേശകരമാണ്' അദ്ദേഹം അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞു.
ജിവി പ്രകാശ് നായകനായി എത്തുന്ന തമിഴ് ചിത്രം കിംഗ്സ്റ്റണിന്റെ പ്രീ-റിലീസ് ഇവന്റ് തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദില്‍ നടന്നിരുന്നു. നിഥിന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ റോബിന്‍ഹുഡിന് വേണ്ടിയും പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു, അതിനാല്‍ താരം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. റോബിന്‍ഹുഡ് സംവിധായകന്‍ വെങ്കി കുടുമൂല, നിര്‍മ്മാതാവ് രവിശങ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തന്റെ പ്രസംഗത്തിനിടെ, തന്റെ റോബിന്‍ഹുഡ് എന്ന ചിത്രത്തെക്കുറിച്ചുള്ള രസകരമായ ഒരു അപ്ഡേറ്റ് പങ്കിടാന്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ 'ഡേവിഡ് വാര്‍ണര്‍ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്' എന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തി. 2024 സെപ്റ്റംബറിലാണ് ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് വിവരം. അന്ന്, സിനിമയുടെ സെറ്റുകളില്‍ ക്രിക്കറ്റ് താരത്തിന്റെ സാന്നിധ്യം ഉള്ള ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. ഒരു ഗ്യാങ്സ്റ്റര്‍ വേഷത്തില്‍ നില്‍ക്കുന്ന വാര്‍ണറുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.