Latest News

ഒന്നര കോടി രൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല; താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസ പോലും ചെലവാക്കില്ല; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥ; ഡബ്യൂ.സി.സിയുടെ ആവശ്യകതയും മനസിലാകുന്നില്ല; ദിലീപിനെ വെള്ളപൂശി ശ്രീനിവാസന്‍

Malayalilife
 ഒന്നര കോടി രൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല; താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസ പോലും ചെലവാക്കില്ല; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥ; ഡബ്യൂ.സി.സിയുടെ ആവശ്യകതയും മനസിലാകുന്നില്ല; ദിലീപിനെ വെള്ളപൂശി ശ്രീനിവാസന്‍

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയും സിനിമ രംഗത്തെ പ്രമുഖരും തുടക്കം മുതൽ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെല്ലാം പൊളിഞ്ഞത് ഇരയാക്കപ്പെട്ട നടയുടെ കർശനമായ നിലപാടിനെ തുടർന്നാണ്. എന്നാൽ, ഇപ്പോൾ കേസിന്റെ പുരോഗതി അത്രയ്ക്ക് ആശാവഹമല്ല. ഇതിനിടെ ദിലീപിനെ പിന്തുണച്ചു കൊണ്ട് നടൻ ശ്രീനിവാസൻ രംഗത്തെത്തി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിച്ചാണ് ശ്രീനിവാസന്റെ രംഗപ്രവേശം. മനോരമ ന്യൂസ് ചാനലിനോടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസൻ ആരോപിക്കുന്നു. ഒന്നരക്കോടിരൂപയ്ക്ക് പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്നാണ് താൻ കരുതുന്നതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

അസുഖബാധിതനായി ചികിൽസകഴിഞ്ഞ് ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസൻ വിമൻ ഇൻ സിനിമ കലക്ടീവിനെതിരെയും തുറന്നവിമർശനം ഉന്നയിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകൾക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിച്ച വിമർശനങ്ങളെയും ശ്രീനിവാസൻ തള്ളി. ഒരു സംഘടനയേയും നശിപ്പിക്കാനല്ല താൻ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങൾക്ക് അതിർവരമ്പുകളുള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും ശ്രീനിവാസൻ പ്രതികരിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്ത നിലയിലാണ്. കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി വേനലവധിക്കുശേഷം പരിഗണിക്കാനാരിക്കയാണ്. മെമ്മറി കാർഡ് രേഖയോ തൊണ്ടിയോ എന്ന് അറിയിക്കാൻ സമയം വേണമെന്നു സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. രേഖയാണെങ്കിൽ ദൃശ്യങ്ങൾ ദിലീപിനു കൈമാറണമോയെന്നു വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മെമ്മറി കാർഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം. അതിനാൽ പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

കേസിൽ സർക്കാറിന് വീഴ്‌ച്ചയുണ്ടെന്ന് ആരോപിച്ച് ഡബ്ല്യുസിസി അംഗം കൂടിയായ സംവിധായിക വിധു വിൻസെന്റ് രംഗത്തെത്തിയിരുന്നു. മെമ്മറികാർഡ് തെളിവാണോ, തൊണ്ടി മുതലാണോ എന്ന് പഠിക്കാൻ സർക്കാറിന്റെ സ്റ്റാന്റിങ്ങ് കൗൺസിൽ സുപ്രീംകോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടതായിരുന്നു കാരണം. ഇതിന് പിന്നാലെയാണ് സർക്കാറിനെ വിമർശിച്ച് വിധു വിൻസെന്റ് രംഗത്തെത്തിയത്.

''നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിഗ് കൗൺസൽ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. എന്തുകൊണ്ടാണ് ഇത്രയും ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ഈ രാജ്യത്തെ നിയമ സംവിധാനങ്ങളോട് വിശ്വാസം പുലർത്തുന്ന ഒരാളെന്ന നിലയിൽ എന്നെ പോലുള്ളവർക്ക് ഇത് വലിയ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒരു സഹപ്രവർത്തകയുടെ മാത്രം കേസല്ല, നമ്മുടെ സമൂഹത്തിലുള്ള ഏതൊരു പെൺകുട്ടിക്കും സ്ത്രീക്കും അഭിമുഖികരിക്കേണ്ടി വരാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ഈ ഒരവസ്ഥ വിരൽ ചൂണ്ടുന്നത്. ' വിധു വിൻസന്റ് ഫേസ്‌ബുക്കിൽ കുറിച്ചു.

സംസ്ഥാനസർക്കാർ വളരെ ഗൗരവത്തോടെ തന്നെ ഈ വിഷയത്തിൽ ഇടപെടൽ നടത്തേണ്ടതുണ്ടെന്നും ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന ഏതൊരു തരത്തിലുള്ള ഉദാസീനതയും, ജാഗ്രതകുറവും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാണ് ഇല്ലാതാക്കുന്നതെന്നും വിധു വിൻസന്റ് പറയുന്നു. എന്തിനാണ് ഇത്തരത്തിൽ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നത് എന്നതിന് ഉത്തരം നല്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്നും അവർ കൂട്ടിച്ചേർത്തു.

 

Read more topics: # sreenivasan support dileep
sreenivasan support dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES