മെഗാസ്റ്റാര്‍ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന് കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന്‍ ആരോപിച്ചത്. ബാലയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. ഇതോടെ ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോള്‍ ഈ ആരോപണത്തിന് മറുപടിയുമായി യുഎഇയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍ രംഗത്തെത്തി. മമ്മൂട്ടിക്ക് മെഗാ സ്റ്റാര്‍ വിശേഷണം ആദ്യമായി നല്‍കിയത് താനാണെന്നും മമ്മൂട്ടിയുടെ ദുബായ്‌സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കു നല്‍കിയ തലക്കെട്ടാണതെന്നും ഐസക്ക് ജോണ്‍ പറഞ്ഞു.
1987ല്‍ ആണ് ആദ്യമായി മമ്മൂട്ടി ദുബായിലെത്തുന്നത്. ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളും അന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ വരവ് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് അന്ന് അങ്ങനെ തലക്കെട്ടിട്ടതും മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നു വിശേഷിപ്പിച്ചതും. ദുബായില്‍ വന്ന ശേഷമാണ് മമ്മൂട്ടിയെ നേരില്‍ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും. അതിനു മുന്‍പ് മമ്മൂട്ടിയുമായി പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മെഗാസ്റ്റാര്‍ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്നായിരുന്നു ശ്രീനിവാസന്റെ ആരോപണം. ഒരു സിനിമയുടെ പ്രചാരണ പരിപാടിയിലാണ് ശ്രീനിവാസന്‍ ഇങ്ങനെ പ്രതികരിച്ചത്. അമിതാഭ് ബച്ചനോ രജനീകാന്തോ മെഗാസ്റ്റാറുകളല്ല. മമ്മൂട്ടി മാത്രമാണ് മെഗാസ്റ്റാര്‍. ആ വിശേഷണം അദ്ദേഹം സ്വയം നല്‍കിയതാണെന്നായിരുന്നു ശ്രീനിവാസന്റെ ആരോപണം. ഇത് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഐസക്ക് ജോണ്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്.
അന്ന് ഗള്‍ഫ് ന്യൂസിന്റെ ലേഖകനായിരുന്നു ഐസക്ക്. ഈ നാട്, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങിയ സിനിമകള്‍ വിജയകരമായി ഓടുന്ന സമയത്താണ് മമ്മൂട്ടിയും സംഘവും സ്റ്റേജ് ഷോയുടെ ഭാഗമായി യുഎഇയില്‍ എത്തുന്നത്. ഷാര്‍ജയിലെ അമ്മിണി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. 7 എമിറേറ്റുകളിലും സ്റ്റേജ് ഷോ ഉണ്ടായിരുന്നു. പത്രത്തിന്റെ തലക്കെട്ട് അന്നത്തെ സ്റ്റേജ് ഷോയിലും പിന്നീടിങ്ങോട്ടും മമ്മൂട്ടിയുടെ വിശേഷണമായി മാറുകയായിരുന്നു. മെഗാസ്റ്റാര്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ തനിക്ക് മമ്മൂട്ടിയുമായി പരിചയമില്ല. മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.