സിനിമ പുറത്തിറങ്ങി 24 വര്‍ഷം പിന്നിടുമ്പോഴും ഒരുമാസ് രണ്ടാം വരവ് മലയാളികള്‍ ആഗ്രഹിക്കുന്ന ചിത്രമാണ് സ്ഫടികം. ആട് തോമയും ചാക്കോ മാഷും എന്തിനേറെ പറയണം സിനിമയില്‍ അഭിനയിച്ച മൈന വരെ തകര്‍ത്താണ് അഭിനയിച്ചത്. ഭദ്രന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് അളക്കാന്‍ സഫടികം എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും .പോയ തലമുറയും ഇനിയുള്ള തലമുറയും സ്ഫടികത്തെ ഓര്‍ത്തിരിക്കും എന്നതില്‍ തകര്‍ക്കമില്ല.
ആട് തോമയുടെ മുണ്ട് പറിച്ചുള്ള ഇടി, മുട്ടനാടിന്റെ ചങ്കിലെ ചോര, പിന്നെ സിനിമയിലൂടെ പേരെടുത്ത സ്ഫടികം ജോര്‍ജ് എന്നിവരെയെല്ലാം പിന്നീട് ശ്രദ്ധിക്കപ്പെട്ടു. സ്ഫടികം എന്ന ചിത്രം പുറത്തിറങ്ങി 24 വര്‍ഷം പിന്നിടുമ്പോള്‍ സഫടികത്തിന്റെ ഓര്‍മയും കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ട വഴിയും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഭദ്രന്‍.
ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണെന്ന് വാദിച്ച ചാക്കോ മാഷിന് തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപോയെന്ന് തോന്നുന്നത് തന്റെ മകനോടുള്ള വൈകരികമായ അടുപ്പം തിരിച്ചറിയുന്നിടത്താണ്. തല്ലിപ്പഴുപ്പിച്ചും ചൂരല്‍കഷായം നല്‍കിയപ്പോഴും തെറ്റിയത് ചാക്കോമാഷിന് മാത്രമായിരുന്നു.
രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് മെഡല്‍വാങ്ങിച്ച കണക്ക്മാഷിന്റെ മകന്റെ വകതിരിവ് വട്ടപൂജ്യം എന്ന് തിരക്കഥയില്‍ പറയിപ്പിക്കുന്നുണ്ട് ഭദ്രനെന്ന സംവിധായകന്‍. കഥയുടെ ക്രാഫ്റ്റ് എന്നെന്നും ഓര്‍ത്തിരിക്കുന്ന മികച്ച സന്ദേശം തന്നെയായിരുന്നു. സ്ഫടികം മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നവനും കവലചട്ടമ്പിയും ഒപ്പം ഹൃദയത്തില്‍ നന്മസൂക്ഷിക്കുന്നവനുമായ തോമസ് ചാക്കോയുടെ കഥയല്ല പറയുന്നത്. മകന്റെ കഥയിലൂടെ അച്ഛന്റെ ജീവിതമാണ് വരച്ചുകാട്ടിയതെന്നാണ് ഭദ്രന്‍ 24 വര്‍ഷത്തിന് ശേഷം പ്രതികരിക്കുന്നു. മകന്റെ ജീവിതം തകര്‍ത്ത് കളഞ്ഞ ദുരാഗ്രഹിയായ ഒരു അച്ഛന്റെ കഥയാണെന്നാണ് ഭദ്രന്‍ പറയുന്നത്.
സിനിമയില്‍ നായികയായി പരിഗണിച്ചിരുന്നത് ശോഭനയെ ആയിരുന്നെങ്കിലും അവസാന നിമിഷം ആ കഥാപാത്രം ഉര്‍വശിയിലേക്ക് എത്തി. പങ്കേ കള്ളുകുടിച്ച് അഭിനയിക്കുന്ന പാട്ടൊക്കെ ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ ഉര്‍വശി എന്ന സെലക്ഷന്‍ തെറ്റിയില്ലെന്നും സംവിധായകന്‍ പറയുന്നു.
വില്ലനായി പരിഗണിച്ചിരുന്നത് തമിഴ് നടന്‍ നാസറിനെ ആയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ നടന്‍ നാസറിന്റെ ഫോണ്‍ 'നാളെ വരാന്‍ പറ്റില്ല. തമിഴിലെ ഷൂട്ടിങ് നീളുന്നു. 10 ദിവസം കഴിയും എത്താന്‍.' എന്തുചെയ്യണമെന്ന് അറിയാതെ ഭദ്രന്‍ കോട്ടയം അഞ്ജലി ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങിലെ വലിയ തൂണില്‍ ചാരി നിന്നു തലപുകച്ചപ്പോള്‍ അവിടേക്ക് ബുള്ളറ്റില്‍ വന്ന നാസറിനേക്കാള്‍ വണ്ണവും ഉയരവുമുള്ള യുവാവാണ് ജോര്‍ജ്. 'തനിക്ക് അഭിനയിക്കണോ' എന്ന് ഭദ്രന്‍. അനന്തരം ജോര്‍ജ്, സ്ഫടികം ജോര്‍ജായി.
സിനിമയുടെ പേര് സംബന്ധിച്ചും ഭദ്രന്‍ അഭിമുഖത്തില്‍ പറയുന്നു. ആടുതോമയെന്ന പേരിട്ടാലേ അടിപ്പടം ആളുകള്‍ കാണാന്‍ വരൂ എന്ന് ഗുഡ്‌നൈറ്റ് മോഹന്‍ പറഞ്ഞു. 'ഇത് ആടു തോമയുടെ കഥയല്ല, ഇടിപ്പടവുമല്ല. പേരന്റിങ്ങിനെക്കുറിച്ചുള്ള സിനിമയാണ്. പേര് സ്ഫടികം എന്നു തന്നെ', എന്നതായിരുന്നു തന്റെ നിലപാടെന്നും ഭദ്രന്‍ പറയുന്നു.