Latest News

പാതിരാത്രി കതകില്‍ മുട്ടിയ നടന്‍ വീണ്ടും ദ്രോഹിച്ചു; അയാള്‍ പരമാവധി ഒഴിവാക്കാന്‍ നോക്കിയിട്ടും മോഹന്‍ലാല്‍ സാര്‍ സമ്മതിച്ചില്ല'; തുറന്നുപറഞ്ഞ് നടി ശിവാനി

Malayalilife
 പാതിരാത്രി കതകില്‍ മുട്ടിയ നടന്‍ വീണ്ടും ദ്രോഹിച്ചു; അയാള്‍ പരമാവധി ഒഴിവാക്കാന്‍ നോക്കിയിട്ടും മോഹന്‍ലാല്‍ സാര്‍ സമ്മതിച്ചില്ല'; തുറന്നുപറഞ്ഞ് നടി ശിവാനി

ചൈന ടൗണ്‍ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അതു തടഞ്ഞെന്നും നടി ശിവാനി. മറ്റൊരു ലൊക്കേഷനില്‍ തന്റെ വാതിലില്‍ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്ന തെന്നും ശിവാനി പറയുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മലയാളത്തിന്റെ അഭിമാനമായി മാറിയ മുന്‍ ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ് ശിവാനി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് തനിക്ക് ദുരനുഭവമാകേണ്ടിയിരുന്ന സംഭവം മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇടപെട്ട് നല്ല അനുഭവമാക്കി മാറ്റിയതായി ഡോ. ശിവാനി വെളിപ്പെടുത്തിയത്.

''എന്റെ ആദ്യസിനിമ അണ്ണന്‍ തമ്പി ആയിരുന്നു. അതില്‍ ആരും മോശമായിട്ട് പെരുമാറിയിട്ടില്ല. പക്ഷേ അനുഭവം ഉണ്ടായത് മറ്റൊരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. രാത്രി 12 മണിക്കൊക്കെ വന്ന് ഡോറില്‍ തട്ടിയിട്ട് പോകും. റൂമില്‍ ഞാനും അമ്മയും ഉണ്ടായിരുന്നു. ഒടുവില്‍ അമ്മ ആളെ കണ്ടുപിടിച്ചു. പകല്‍ സമയത്ത് വളരെ മാന്യനായ ആളായിരുന്നു കക്ഷി. ഞങ്ങളോടൊക്കെ വളരെ നന്നായി സംസാരിച്ചിരുന്ന ആള്‍. പക്ഷേ രാത്രി സമയത്ത് ബാധ കേറുന്ന പോലെയായിരുന്നു അയാള്‍ക്ക്. കാര്യം ഡയറക്ടറേയും പ്രൊഡ്യൂസറേയും അറിയിച്ചു.

പിന്നീട് കുറേക്കാലം സിനിമയുണ്ടായിരുന്നില്ല.ഒന്നരവര്‍ഷത്തിന് ശേഷമാണ് സിദ്ദു പനയ്ക്കല്‍ ചൈന ടൗണിലേക്ക് വിളിക്കുന്നത്. ഹൈദരാബാദ് റാമോജിറാവുവിലായിരുന്നു ഷൂട്ടിംഗ്. എയര്‍പോര്‍ട്ടില്‍ വച്ച് വാതിലില്‍ മുട്ടിയ പഴയ കക്ഷിയെ കണ്ടു. പഴയ വൈരാഗ്യമൊന്നും സൂക്ഷിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടുതന്നെ കണ്ടപ്പോള്‍ ഞാന്‍ സംസാരിച്ചു. ഓള്‍ ദി ബെസ്റ്റൊക്കെ പറഞ്ഞ് പിരിഞ്ഞു.

കുറച്ചുകഴിഞ്ഞ് വളരെ ടെന്‍ഷനോടെ സംസാരിച്ച് നടക്കുന്ന ഇദ്ദേഹത്തെയാണ് കാണുന്നത്. ഞങ്ങള്‍ സ്റ്റുഡിയോയിലെത്തി മൂന്ന് ദിവസം ആയിട്ടും ഷൂട്ടിംഗിന് വിളിക്കുന്നില്ല. റൂമില്‍ തന്നെ ഇരുന്നു. ഓരോ ദിവസവും അവര്‍ ഓരോ എക്‌സ്‌ക്യൂസ് പറയും. നാലാമത്തെ ദിവസം ഷൂട്ട് ചെയ്തു.വൈകിട്ട് പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂര്‍ കാര്യം തിരക്കി. ആ ആര്‍ട്ടിസ്റ്റുമായിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്. പുള്ളി സെറ്റിലേക്ക് വിളിച്ച് എന്നെ അഭിനയിപ്പിക്കരുതെന്ന് പറയുകയായിരുന്നത്രേ.

ഒടുവില്‍ മോഹന്‍ലാല്‍ സാര്‍ ഇടപെട്ടാണ് അതൊഴിവാക്കിയത്. അതൊരു പെണ്‍കുട്ടിയാണ്. നമ്മള്‍ പറഞ്ഞുവിട്ടാല്‍ അതിന് വലിയ നാണക്കേടാകും ഉണ്ടാവുക. മാത്രമല്ല, നമ്മള്‍ പറഞ്ഞിട്ടുള്ള തുകയില്‍ പല കാല്‍ക്കുലേഷനിലുമാകും അവര്‍ വരിക. അത് കിട്ടാതാക്കിയാല്‍, ആ ശാപം നമുക്ക് വേണ്ട. എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അങ്ങനെ ലാല്‍ സാര്‍ ഇടപെട്ടിട്ടാണ് ഞാന്‍ ചൈന ടൗണില്‍ അഭിനയിച്ചത്'', ശിവാനി പറയുന്നു.

''കര്‍മയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. നല്ലതു ചെയ്താല്‍ അവരിലേക്ക് അതിന്റെ ഫലങ്ങള്‍ പിന്നീടും വന്നു ചേരും. മോശമായി പ്രവര്‍ത്തിച്ചാല്‍ അതിന്റെ അനന്തര ഫലങ്ങളും കാലക്രമത്തില്‍ വന്നു ഭവിക്കും. സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിട്ട ഒട്ടേറെപ്പേരുണ്ടാകും. അവരില്‍, കാര്യങ്ങള്‍ തുറന്നു പറയാന്‍ വേണ്ടപ്പെട്ടവരുടെ പിന്തുണ ലഭിച്ചവര്‍ ചിലപ്പോള്‍ കുറവായിരിക്കും. മലയാള സിനിമയില്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരുണ്ടാകും. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, എന്റെ ഭാര്യയ്ക്കുണ്ടായ അനുഭവങ്ങളാണ് അവര്‍ പറഞ്ഞത്'' പ്രശാന്ത് പരമേശ്വരന്‍ പറഞ്ഞു.

2007 മുതല്‍ 2015 വരെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന പ്രശാന്ത് പരമേശ്വരന്‍, നിലവില്‍ കേരള ക്രിക്കറ്റ് ലീഗിന് തയാറെടുക്കുന്ന ആലപ്പുഴ റിപ്പിള്‍സ് ടീമിന്റെ മുഖ്യ പരിശീലകനാണ്. ഐപിഎലില്‍ കേരള ടസ്‌കേഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനം പ്രശാന്തിന് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിക്കൊടുത്തു. മത്സരത്തില്‍ ഡല്‍ഹി ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റ് പ്രശാന്താണ് വീഴ്ത്തിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 33 മത്സരങ്ങളും ലിസ്റ്റ് എ വിഭാഗത്തില്‍ 39 മത്സരങ്ങവും ട്വന്റി20യില്‍ 30 മത്സരങ്ങളുമാണ് പ്രശാന്ത് പരമേശ്വരന്റെ പേരിലുള്ളത്. 75 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 62 ലിസ്റ്റ് എ വിക്കറ്റുകളും 33 ട്വന്റി20 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു തവണയും ലിസ്റ്റ് എ ക്രിക്കറ്റില്‍ രണ്ടു തവണയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഐപിഎലില്‍ എട്ടു മത്സരങ്ങളില്‍നിന്ന് ഒന്‍പതു വിക്കറ്റുകള്‍ സ്വന്തമാക്കി.

സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം പരിശീലക ജോലിയിലേക്കു മാറിയ പ്രശാന്ത്, തമിഴ്നാട് പ്രിമിയര്‍ ലീഗില്‍ രണ്ടു സീസണുകളില്‍ ബോളിങ് പരിശീലകനായി ജോലി ചെയ്തു. ഇതിനു പിന്നാലെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ കന്നി സീസണില്‍, ആലപ്പുഴ റിപ്പിള്‍സിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്

Read more topics: # ശിവാനി
sivani reveals abuse happened

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES