ഇഷ്ട വാഹനം സ്വന്തമാക്കി നടന്‍ ഷൈന്‍ ടോം ചാക്കോ. മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. ഷൈനിന്റെ സ്റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് പുതിയ വാഹനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈന്‍ ഷോറൂമിലെത്തിയത്.
കേക്ക് മുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയില്‍ കാണാം. വാഹനത്തിനടുത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. അനവധി പേരാണ് ഷൈനിന്റെ ഈ പുതിയ നേട്ടത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.
മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും ഗംഭീരമായ മുന്നേറ്റങ്ങള്‍ നടത്തുകയാണ് ഷൈന്‍ ടോം. തെലുങ്ക് ചിത്രം രംഗബാലിആണ് ഷൈനിന്റെ ഇനി റിലീസിനെത്തുന്നത്. ലൈവ്, അടി എന്നിവയാണ് ഷൈനിന്റേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രങ്ങള്‍. കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരം. ആദ്യ കാലങ്ങളില്‍ കമലിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് സിനിമാലോകത്ത് എത്തിയ താരമാണ് ഷൈന്‍.
2019ല്‍ പുറത്തിറങ്ങിയ ചിത്രം 'പ്രണയ മീനുകളുടെ കടല്‍' ആണ് കമലിന്റെ സംവിധാനത്തില്‍ അവസാനമായി റിലീസിനെത്തിയ ചിത്രം. വിവേകാനന്ദന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, മാലാ പാര്‍വതി, മെറീനാ മൈക്കിള്‍, സ്വാസിക,മഞ്ജു പിള്ള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.