മലയാളികള്‍ക്ക് പ്രത്യേക ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തിന്റെ സിനിമാ പ്രവേശനവും കുതിച്ചുയരാന്‍ നില്‍ക്കേ ഒരൊറ്റ രാത്രികൊണ്ട് കത്തിച്ചാമ്പലായതും ആ ചാമ്പലില്‍ നിന്നും ഒരു തീപ്പൊരി കണക്കേ ഉയര്‍ന്നു വന്നതുമെല്ലാം മലയാളികള്‍ക്കു മുന്നിലാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ചു വളര്‍ന്ന ഷൈന്‍ ടോം ചാക്കോയുടെ ആത്മധൈര്യവും വിശ്വാസവുമാണ് അദ്ദേഹത്തിന്റെ ഇന്നത്തെ നേട്ടങ്ങള്‍ക്കുള്ള പിന്നിലുള്ള അടിസ്ഥാനം. ഇന്ന് മികച്ച സിനിമകളും വിവാദങ്ങളുമായി എന്നും സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുമ്പോഴും സ്വന്തം സ്വകാര്യ ജീവിതം പോലും ബലി നല്‍കിയാണ് സിനിമയെന്ന ഒരൊറ്റ മോഹവുമായി ഈ മനുഷ്യന്‍ ജീവിക്കുന്നത്.
1983 സെപ്റ്റംബര്‍ 15ന് തൃശ്ശൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് 39 വയസുകാരനായ ഷൈന്‍ ടോം ചാക്കോ ജനിച്ചത്. പാവറട്ടിക്കാരനായ സി.പി ചാക്കോയുടെയും മരിയ കാര്‍മലിന്റെയും മകനായി ജനിച്ച ഷൈനിന് ഒരു സഹോദരിയും സഹോദനും ഉണ്ടെങ്കിലും ആ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍ ഷൈന്‍ ആയിരുന്നു. കരിയര്‍ തുടങ്ങിയപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറ്റിയ ഷൈന്റെ വിദ്യാഭ്യാസ കാലഘട്ടമെല്ലാം തൃശ്ശൂരിലായിരുന്നു. ഹയര്‍സെക്കന്‍ഡറി പഠനം താരം പൂര്‍ത്തിയാക്കിയത് എ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊന്നാനിയില്‍ നിന്നും ആയിരുന്നു. തുടര്‍ന്ന് തൃശ്ശൂരിലെ ഓട്ടോണമസ് കോളേജ് ആയ സെന്റ് തോമസ് കോളേജില്‍ നിന്നുമാണ് താരം ബിരുദം പൂര്‍ത്തിയാക്കുന്നത്. തബീത മാത്യു ആണ് താരത്തിന്റെ ജീവിതപങ്കാളി. സിയാല്‍ എന്ന പേരിലുള്ള ഒരു മകളും ഇരുവര്‍ക്കും ഉണ്ട്.
കരിയറില്‍ ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി നിന്ന ഷൈന്‍ 2011ല്‍ ഗദ്ദാമ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടെ വയ്ക്കുന്നത്. ഗദ്ദാമയില്‍ നിന്നും താരം ഈ അടുത്ത കാലം, ചാപ്‌റ്റേഴ്‌സ്, അന്നയും റസൂലും, മസാല റിപ്പബ്ലിക് എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2014ലാണ് ബിനു എസ് കാലടിയുടെ സംവിധാനത്തില്‍ അരങ്ങേറിയ ഇതിഹാസത്തിലൂടെ ആദ്യ നായക വേഷത്തില്‍ ഷൈന്‍ എത്തുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ റിലീസ് ചെയ്ത് തീയേറ്ററില്‍ മികച്ച വിജയം നേടവേയാണ് ഷൈന്‍ ടോം ചാക്കോയുടെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. 2015 ജനുവരി 31ന് പുലര്‍ച്ചെ നിരോധിത ലഹരി മരുന്നായ കൊക്കെയിനുമായി ഷൈനിനെയും മറ്റു നാല് മോഡലുകളായ സ്ത്രീകളെയും കൊച്ചി കടവന്ത്രയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ റെയ്ഡില്‍ അന്ന് പത്തു ലക്ഷത്തോളം രൂപ വില വരുന്ന പത്ത് ഗ്രാം കോക്കെയിന്‍ ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരിശോധനകളില്‍ ഒന്നും തന്നെ ഇവര്‍ കൊക്കയിന്‍ ഉപയോഗിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നീണ്ട ഒന്‍പതു മാസങ്ങള്‍ക്ക് ശേഷവും കേസില്‍ പുരോഗതി ഉണ്ടാകാഞ്ഞത് അന്ന് വാര്‍ത്തയായിരുന്നു.
കേസും കൂട്ടവുമായി നടന്ന ഷൈന്റെ കരിയറില്‍ മങ്ങലേല്‍പ്പിച്ച സംഭവമായിരുന്നു ഇത്. എന്നാല്‍ ആ സംഭവത്തിനു ശേഷം നടന്റെ കരിയറില്‍ ഗംഭീര ഉയര്‍ച്ചയായിരുന്നു സംഭവിച്ചത്. നടന്റെ ജീവിതം തകര്‍ന്നുവെന്ന് കരുതിയവര്‍ക്കു മുന്നിലേക്ക് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു വരികയായിരുന്നു ഷൈന്‍ ടോം ചാക്കോ. ഇന്ന് കൈനിറയെ വിജയ ചിത്രങ്ങളുമായി അദ്ദേഹം തിളങ്ങുമ്പോഴും വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കുറവില്ലായെന്നതും പറയാതെ വയ്യ. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും എന്തെങ്കിലുമൊക്കെ വിഷയങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന താരത്തിന്റെ കഴിവിും അഭിനയ ശേഷിയ്ക്കും മുന്നില്‍ പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്ന് മലയാളികളെല്ലാം സമ്മതിച്ചു കൊടുത്തിട്ടുണ്ട്.
2019 ല്‍ ഇഷ്‌ക്ക് എന്ന മലയാള സിനിമയിലെ നെഗറ്റീവ് റോളിന് ഷൈന്‍ ടോം ചാക്കോയ്ക്ക് മികച്ച നടനുള്ള സൈമ അവാര്‍ഡും ലഭിച്ചിരുന്നു. സിനിമയല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തില്‍ നടക്കുന്നില്ല എന്നും അതുകൊണ്ടാണ് വിവാഹബന്ധവും കുടുംബവും ഉള്‍പ്പെടെ ഒന്നും നല്ല രീതിയില്‍ ബന്ധം കാത്തു സൂക്ഷിക്കുവാനോ മുന്നോട്ടു കൊണ്ടുപോകുവാനോ കഴിയാതെ വന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അച്ചു വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വിചിത്രം എന്ന സിനിമയാണ് ഷൈന്‍ ടോം ചാക്കോ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈയടുത്തിടെ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന ചിത്രത്തിലൂടെ ഷൈന്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തില്‍ വിജയിക്ക് ഒപ്പമാണ് താരം എത്തുന്നത്.
എന്നാല്‍ ഈ അടുത്തിടെ ഷൈന്‍ ടോം ചാക്കോ വീണ്ടും ഒരു വിവാദ പ്രശ്‌നത്തിന് തിരികൊളുത്തിയിരുന്നു. വിമാനത്തിന്റെ കോക്പിറ്റില്‍ കയറുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് താരത്തെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയിരുന്നു. താരത്തിന്റെ പുതിയ ചിത്രമായ ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷനു ശേഷം കേരളത്തിലേക്ക് തിരികെ എത്തുന്നതിനിടയില്‍ ആയിരുന്നു ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. കോക്ക് പിറ്റിലേക്ക് കയറുവാന്‍ ശ്രമിച്ച ഷൈനിനെ ക്യാബിന്‍ ക്രൂ തടയുകയും അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളം ഉണ്ടാവുകയും നടനെ വിമാനത്തില്‍ നിന്നും ഇറക്കി വിടുകയും ആയിരുന്നു. തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ താരത്തെ തടഞ്ഞു വച്ചു. എന്നാല്‍ കുഴപ്പമുണ്ടാക്കാന്‍ ആയിരുന്നില്ല തമാശയ്ക്ക് ആയിരുന്നു എന്നാണ് ഷൈന്‍ ടോമിന്റെ പ്രതികരണം.