മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന പഴയകാല സിനിമകളാണ് പത്മരാജന്‍ സിനിമകള്‍. ആരും ഇതുവരെ എടുക്കാന്‍ തയ്യാറാകാത്ത രീതിയിലെ കഥകള്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിച്ച സംവിധായകനാണ് പത്മരാജന്‍. പത്മരാജന്റെ എക്കാലത്തെയും ഹിറ്റ് സിനിമയാണ് ദേശാടനക്കിളികള്‍ കരയാറില്ല. ഈ സിനിമയിലൂടെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച നായികയാണ് നടി ശാരി. പത്മരാജന്‍ ചിത്രങ്ങളിലൂടെയാണ് ശാരി ഒരു അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കുറെയധികം കാലം സോഷ്യല്‍ മീഡിയയിലും സിനിമയിലും ഒന്നും സജീവമല്ലാതെ താരം മാറിനിന്നു. എന്നിരുന്നാലും പല സിനിമകളിലൂടെയും ശാരിയെക്കുറിച്ച് ആരാധകര്‍ ഓര്‍ത്തു തന്നെ ഇരുന്നു.
ഇപ്പോള്‍ താരത്തിന്റെ കുടുംബത്തിലെ ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ശാരിയുടെ മകളുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശാരിയെ പോലെ തന്നെ അതീവ സുന്ദരിയാണ് മകളെന്നും ശാരിയുടെ യൗവനം തന്നെയാണ് നമുക്ക് ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.
ശാരിയുടെയും മകള്‍ കല്യാണിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശാരിയുടെയും ബിസിനസ്സുകാരനായ കുമാറിന്റെയും ഏക മകളാണ് കല്യാണി. ബ്രൈഡല്‍ വേഷത്തിലുള്ള കല്യാണിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ സ്‌നേഹയാണ്. വധുവിന്റെ അമ്മ, റിസപ്ഷന്‍ മേക്കപ്പ്, ഹല്‍ദി എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെയാണ് സ്‌നേഹ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
കല്യാണിയുടെ വിവാഹമായിരുന്നോ അതോ ഫോട്ടോഷൂട്ടോ എന്നാണ് ആരാധകര്‍ തിരക്കുന്നത്. അതേസമയം, മഹാബലിപുരത്തു വച്ചായിരുന്നു താരപുത്രിയുടെ വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശാരിയോ കുടുംബമോ വിവാഹവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പു'കളിലെ സോഫിയയേയും 'പൊന്‍മുട്ടയിടുന്ന താറാവി'ലെ ഡാന്‍സ് ടീച്ചറേയും 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിലെ സാലിയേയുമൊന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. അഭിനയത്തില്‍ പഴയ പോലെ അത്ര സജീവമല്ലെങ്കിലും അടുത്തിടെയിറങ്ങിയ ഏതാനും മലയാളചിത്രങ്ങളിലും ശാരി അഭിനയിച്ചിരുന്നു. 'ജനഗണമന,' 'സാറ്റര്‍ഡേ നൈറ്റ്‌സ്' തുടങ്ങിയ ചിത്രങ്ങളിലെ ശാരിയുടെ അമ്മവേഷങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി'ലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ശാരി നേടി. എഴുപതിലധികം മലയാളചിത്രങ്ങളിലും മുപ്പതിലധികം തമിഴ് ചിത്രങ്ങളിലും ഏതാനും തെലുങ്കു, കന്നഡ സിനിമകളിലും ശാരി അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കൊപ്പം തന്നെ സീരിയലിലും സജീവമാണ് ശാരി.
ആന്ധ്രാപ്രദേശിലാണ് ശാരിയുടെ ജനനം. യഥാര്‍ത്ഥ പേര് സാധന. പ്രശസ്ത കന്നഡ ചലച്ചിത്ര നടി ബി രമാദേവിയുടെ കൊച്ചു മകളാണ് ശാരി. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിക്കുന്ന ശാരി പത്മ സുബ്രഹ്മണ്യത്തിന്റെയും വെമ്പട്ടി ചിന്നസത്യത്തിന്റെയും ശിഷ്യയാണ്. 1982-ല്‍ ശിവാജിഗണേശന്‍ നായകനായ 'ഹിറ്റ്‌ലര്‍ ഉമനാഥ്' എന്ന തമിഴ് ചിത്രത്തില്‍ സപ്പോര്‍ട്ടിങ്ങ് റോള്‍ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1984-ല്‍ ഇറങ്ങിയ 'നെഞ്ചത്തെ അള്ളിത്താ' എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. 1984-ല്‍ 'നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. പദ്മരാജന്‍ സംവിധാനം ചെയ്ത 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986),' 'ദേശാടനക്കിളി കരയാറില്ല (1986)', 'ഒരു മേയ്മാസ പുലരിയില്‍ (1987)' തുടങ്ങിയ ചിത്രങ്ങളിലൂടെ ശാരി മലയാളത്തിലെ മുന്‍നിര നായികയായി മാറി.