യുവ നടന്മാരായ ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയുമായുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തര്‍ക്കം ചലച്ചിത്ര മേഖലയില്‍ ഏറെ ചര്‍ച്ചയായിരുന്നു. താരസംഘടനയായ അമ്മ വിഷയത്തില്‍ ഇടപെട്ട് ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം പരിഹരിച്ചു. ഒരേസമയം ഒന്നിലധികം നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഡേറ്റ് നല്‍കുന്നു എന്നാണ് ഷെയ്ന്‍ നിഗത്തിനെതിരെ ഉയര്‍ന്ന പരാതി.
നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ചയോടെ തീരുമാനമുണ്ടാകും. ഷെയ്ന്‍ നിലവില്‍ അമ്മ അംഗമാണ്.ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതോടെയാണ് നടന്‍ 'അമ്മ'യില്‍ അംഗത്വത്തിന് അപേക്ഷിച്ചത്. ഷെയ്നും ശ്രീനാഥ് ഭാസിയും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പല ബുദ്ധിമുട്ടുകളുണ്ടാക്കിയെന്ന കാരണത്താല്‍ ഇരുവരുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. വ്യാപക പരാതിയുയര്‍ന്നതിനാലായിരുന്നു ഇത്.
രാസലഹരിയുപയോഗിക്കുന്ന നിരവധിപേര്‍ സിനിമാ മേഖലയിലുണ്ടെന്നും ഇതിനെ ശക്തമായി നിയന്ത്രിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനക്കായി നിര്‍മ്മാതാവ് രഞ്ജിത്ത് അറിയിച്ചിരുന്നു. സിനിമാ മേഖലയെ നന്നാക്കാനാണിതെന്നും അദ്ദേഹം അറിയിച്ചു.
അഭിനയിക്കുന്ന ചിത്രം പകുതിയായപ്പോള്‍ തന്റെ പ്രാധാന്യം കുറഞ്ഞോ എന്ന സംശയത്താല്‍ എഡിറ്റ് കാണണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടു എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകളിലാണ് അഭിനയിക്കുന്നതെന്നോ ആര്‍ക്കെല്ലാം ഒപ്പിട്ട് നല്‍കിയെന്നോ അദ്ദേഹത്തിന് തന്നെ അറിയില്ലെന്നായിരുന്നു ആരോപണം.
അതേസമയം താരസംഘടനയായ അമ്മയില്‍ അംഗത്വത്തിനായി 25ഓളം പേര്‍ അപേക്ഷിച്ചതില്‍ ഏഴുപേര്‍ക്ക് അംഗത്വം നല്‍കി. ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരടക്കം ഏഴുപേര്‍ക്കാണ് അംഗത്വം നല്‍കുക. ബാക്കി അപേക്ഷകളില്‍ ശനിയാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.