തിയേറ്റര്‍ കോംപൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസിനുള്ള നിയന്ത്രണം കര്‍ശനമാക്കി. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നാണ് തീരുമാനം. 42 ദിവസത്തിന് മുന്‍പുള്ള ഒടിടി റിലീസുകള്‍ അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് ഉണ്ടാകുക.
വ്യക്തിബന്ധം ഉപയോഗിച്ച് പല നിര്‍മാതാക്കളും നടന്മാരും തിയേറ്ററില്‍ റിലീസ് ചെയ്ത ഉടനെ തന്നെ ഒടിടിയിലും സിനിമ റിലീസ് നടത്തുകയാണ്. പല സിനിമകളും 14 ദിവസത്തിനകം ഒടിടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് സാധ്യമല്ല.
കൂടാതെ റിലീസിനുള്ള അപേക്ഷ ഇനി മുതല്‍ ചേംബര്‍ പരിഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിര്‍മ്മാതാക്കളെ വിലക്കാനുമാണ് തീരുമാനം. തിയേറ്ററില്‍ കാണികള്‍ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും മുമ്പ് നടന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കും ഇത് ബാധകമാണ്.
56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ സിനിമകള്‍ പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികള്‍ കുറയുന്നത് ഉടന്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആണ് എന്നും ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.