മലയാളികളുടെ പ്രിയ താരമാണ് നടന്‍ റഹ്മാന്‍. പത്മരാജന്‍ ഒരുക്കിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ എത്തിയ അദ്ദേഹം ഇപ്പോഴും തന്റെ അഭിനയ ജീവിതം തുടരുകയാണ്. ഇപ്പോള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ കുടുംബത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'എന്റെ ആദ്യ പ്രണയിനി ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേയുള്ളൂ. അത് എന്റെ ഭാര്യ മെഹറുന്നീസ. അവളെ കണ്ടതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്നും കുടുംബം ഒപ്പമില്ലാതെ യാത്ര ചെയ്യുമ്പോള്‍ എനിക്കെന്തോ ഒരു ഭയമാണ്. ആകെ ഒറ്റപ്പെട്ടപോലെ തോന്നും. അവരാണ് എന്റെ ശക്തി.
ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആദ്യ പത്തുവര്‍ഷങ്ങളില്‍ പല നടിമാരെയും എന്നെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം എന്നെ സഹായിച്ചിട്ടേയുള്ളൂ. അതുകൊണ്ട് സഹതാരങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ ഗോസിപ്പുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ്. മെഹ്റുന്നീസയോട് ഞാന്‍ പറയാറുണ്ട്, എന്നെ പറ്റി ഇപ്പോള്‍ എന്തെങ്കിലും ഗോസിപ്പുകള്‍ ഉണ്ടായെങ്കില്‍ എന്ന്.'
'നടി ആക്രമിക്കപ്പെട്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. എനിക്ക് ദുഖമല്ല തോന്നിയത്, മറിച്ച് വല്ലാത്ത ദേഷ്യമാണ് തോന്നിയത്. നമ്മുടെ ആളുകളോട് തന്നെ എന്തോ ഒരു ദേഷ്യം തോന്നി. നമ്മള്‍ സംസ്‌കാരത്തെക്കുറിച്ചും മൂല്യത്തെക്കുറിച്ചുമെല്ലാം അഭിമാനത്തോടെ പറയാറുണ്ട്. പക്ഷേ ഇതുപോലുള്ള മോശം വ്യക്തികള്‍ നമ്മുടെ സമൂഹത്തിലുണ്ട്' റഹ്മാന്‍ പറഞ്ഞു.