റാണി മുഖര്‍ജി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മിസിസ് ചാറ്റര്‍ജി Vs നോര്‍വേ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 2023 മാര്‍ച്ച് 3നു ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവം ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അഷിമ ചിബ്ബറിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. രാഹുല്‍ ഹന്ദ, സമീര്‍ എന്നിവര്‍ ഒരുമിച്ചാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
2021 ല്‍ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാന്‍ ചിത്രം ബണ്ടി ഓര്‍ ബബ്ലിയാണ് റാണിയുടേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. സീ സ്റ്റുഡിയോസും എമ്മെ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് റാണി മുഖര്‍ജി മുന്‍പ് ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു.
റാണി മുഖര്‍ജിയുടെ ഒരു അബിമുഖത്തിലെ വാക്കുകള്‍
ഈ കഥ മുന്‍പ് പറയേണ്ടതായിരുന്നു. ഈ സിനിമയുടെ കഥ ഓരോ ഇന്ത്യക്കാരനിലും പ്രതിധ്വനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിക്കുന്ന സിനിമയാണിത്. പ്രതീക്ഷയും സ്നേഹവും നല്‍കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം.
1996 ല്‍ ബംഗാളി ചിത്രമായ ബിയേര്‍ഫൂലിലൂടെയാണ് റാണി സിനിമ ലോകത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. 90 കളുടെ അവസാനത്തിലും 2000ത്തിലും ബോളിവുഡില്‍ തിളങ്ങി നിന്ന നായികമാരില്‍ ഒരാളായിരുന്നു റാണി മുഖര്‍ജി. 2014 ല്‍ ആദിത്യ ചോപ്രയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര സജീവമായി റാണി നിന്നിരുന്നില്ല. മര്‍ദാനി 2, ബണ്ടി ഓര്‍ ബബ്ലി എന്നീ ചിത്രങ്ങളിലൂടെ താരം സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവും നടത്തുകയായിരുന്നു.