ഹേമന്ത് എം റാവു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നട ചിത്രമാണ് സപ്ത സാഗര ദാച്ചെ എല്ലോ - സൈഡ് ബി . രക്ഷിത് ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ചൈത്ര ആചാറും രുഗ്മിണി വസന്തുമാണ് നായിക വേഷങ്ങളില്‍ എത്തുന്നത്. സപ്ത സാഗരദാച്ചെ എല്ലോ - സൈഡ് എ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സപ്ത സാഗരദാച്ചെ എല്ലോ - സൈഡ് ബി .
മനുവിന്റെയും പ്രിയയുടെയും ഹൃദയഹാരിയായ കഥ പറഞ്ഞ ആദ്യഭാഗം മികച്ച പ്രതികരണം നേടിയിരുന്നു. കേരളത്തില്‍ റിലീസ് ചെയ്തിരുന്നില്ലെങ്കിലും ഒടിടിയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ ഈ സിനിമയ്ക്കായി. ആദ്യ ഭാഗത്തിന് ലഭിച്ച വലിയ സ്വീകാര്യത തന്നെയാണ് ഇപ്പോള്‍ രണ്ടാം ഭാഗം ഇന്ത്യ ഒട്ടാകെ റിലീസ് ചെയ്യാന്‍ കാരണമായത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് സപ്ത സാഗരദാച്ചെ എല്ലോ - സൈഡ് ബി കേരളത്തില്‍ റിലീസിന് എത്തിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ താരങ്ങളായ രക്ഷിതും ചൈത്രയും കേരളത്തിലെത്തി. ചാര്‍ലി ട്രിപ്പിള്‍ സെവന്‍ എന്ന തന്റെ സിനിയ്ക്ക് കേരളത്തില്‍ നിന്ന് ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് രക്ഷിത് സംസാരിച്ചു തുടങ്ങിയത്.
തന്റെ സിനിമകള്‍ക്ക് കേരളത്തില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് പൊതുവേ ലഭിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം ഭാഗത്തിന് ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് ഒന്നാം ഭാഗം ഉറപ്പായും കണ്ടിരിക്കണം. ജീവിതത്തില്‍ വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നില്ല. കരിയറിലെ 13 വര്‍ഷത്തിനിടയില്‍ എന്റെ പന്ത്രണ്ടാമത്തെയോ പതിമൂന്നാമത്തെയൊ ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ചെയ്യുന്ന സിനിമകളൊക്കെ തന്നെ ജീവിതവുമായി വളരെയധികം ചേര്‍ന്നുനില്‍ക്കുന്നതാണ്. സപ്ത സാഗര ദാച്ചെ യെല്ലോ സൈഡ് എ സത്യത്തില്‍ കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശം ഉണ്ടായിരുന്നു. പക്ഷേ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നേരത്തെ തന്നെ വലിയ തുകയ്ക്ക് ഒടിടി റൈറ്റ്സ് വില്‍ക്കുകയുണ്ടായി.
ആമസോണില്‍ റിലീസ് ചെയ്യാന്‍ എടുത്ത കാലതാമസത്തിനടയ്ക്കാണ് ചിത്രം കര്‍ണാടകയിലെ തിയേറ്ററുകളില്‍ എത്തുന്നതും വലിയ വിജയമാകുന്നതും. ആഴത്തിലുള്ള ഒരു പ്രണയകഥ പറയുന്ന ചിത്രം തന്നെയാണ് ഇതെന്നും രക്ഷിത് പറയുന്നു. ചിത്രത്തിനായി തന്റെ ശരീരഭാരം 20 കിലോ വരെ കൂട്ടിയെന്നും താരം പറഞ്ഞു. ചാര്‍ളിയുടെ പ്രമോഷന് കേരളത്തില്‍ വന്നപ്പോള്‍ ഈ ചിത്രത്തിനായി ശരീരഭാരം കൂട്ടുന്ന പ്രോസസിലായിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു അപ്പോള്‍.സാധാരണ ആക്ഷന്‍ മാസ് ചിത്രങ്ങള്‍ക്കാണ് പൊതുവേ രണ്ടാം ഭാഗം വരാറുള്ളത്. പ്രണയങ്ങള്‍ക്ക് ഒരിക്കലും അവസാനമില്ല. കഥ അങ്ങനെ പറഞ്ഞു പോകാം. രണ്ടര മണിക്കൂറില്‍ രണ്ടു ഭാഗത്തെയും കഥ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ.
പക്ഷേ വൈകാരികത കൃത്യമായി പ്രേക്ഷകനിലേക്ക് എത്തണമെങ്കില്‍ രണ്ടു ഭാഗങ്ങളായി തന്നെ കഥ പറയണം.ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് രുഗ്മിണിയായിരുന്നു. രണ്ടു ചിത്രങ്ങള്‍ക്കും സംവിധായകന്‍ അഭിനയ കളരികള്‍ നടത്തി പോകുന്നു. ആദ്യ ചിത്രത്തില്‍ മനുവും പ്രിയയുമായുള്ള പ്രണയത്തിന്റെ ആഴങ്ങള്‍ മനസിലാക്കുന്ന തരത്തിലാണ് വര്‍ക് ഷോപ്പ് നടന്നതെങ്കില്‍, രണ്ടാം ഭാഗത്തില്‍ ഒരു പരിചയവും ഇല്ലാത്ത തന്റെയും ചൈത്രയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള രസതന്ത്രം മികച്ചതാക്കുന്നതിനായിരുന്നു അത്.കഥാപാത്രത്തിലേക്ക് തനിക്ക് എത്തിച്ചേരാന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ നമ്മളൊക്കെ എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ള എല്ലാതരം ഇമോഷനുമായും ചിത്രത്തിലെ കഥാസന്ദര്‍ഭങ്ങള്‍ക്ക് ബന്ധമുണ്ട്. നായക കഥാപാത്രം ജയിലില്‍ നിന്ന് ഇറങ്ങിയശേഷമുള്ള സംഭവ വികാസങ്ങളിലേക്കാണ് ചൈത്രയുടെ കഥാപാത്രം കടന്നുവരുന്നത്. വികാരത്തിന്റെ വലിയ ഭാണ്ഡവും പേറി എത്തുന്ന കഥാപാത്രത്തെ ചൈത്രയുടെ കഥാപാത്രവുമായി കൃത്യമായി ചേര്‍ത്തുവയ്ക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ കഥാപാത്രം തനിക്ക് വലിയ ഭാരമായില്ലെന്ന് നായിക ചൈത്രയും പറയുന്നു. സംവിധായകന്‍ പറഞ്ഞു തരുന്നതിനനുസരിച്ച് കഥാപാത്രത്തെ ഉള്‍ക്കൊള്ളുക വളരെ സൗകര്യപ്രദമായിരുന്നു. സിനിമയിലെ കഥയും കഥാപാത്രങ്ങളും ഒരുപാട് ലെയറുകള്‍ ഉള്ള രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്നും താരം വ്യക്തമാക്കി
ടോക്ക് ഷോയിക്കിടയില്‍ സമീപകാലത്തു തനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഏതാനും മലയാള സിനിമകളെ (അയ്യപ്പനും കോശിയും, മഹേഷിന്റെ പ്രതികാരം, ആദാമിന്റെ മകന്‍ അബു ) കുറിച്ചും താരം പങ്കുവെച്ചു.
വീഡിയോ റിവ്യൂകള്‍ പലപ്പോഴും സിനിമയെ ബാധിക്കാറുണ്ട്, എഴുത്തുകള്‍ ആയി വരുന്ന റിവ്യൂകള്‍ ആവശ്യമുള്ളവര്‍ മാത്രം പോയി വായിക്കുകയും വീഡിയോ റിവ്യൂകളില്‍ പലപ്പോഴും സിനിമയുടെ കാതലായ വശങ്ങളും കഥാംശങ്ങളും വെളിപ്പെടുത്തി അത് റീല്‍ ആയി ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ സിനിമയെ അത് ബാധിക്കാറുണ്ടെന്നും രക്ഷിത് പറഞ്ഞു. റിവ്യൂകള്‍ സിനിമയെ എത്തരത്തില്‍ ബാധിക്കും എന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.