ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് നിരവധി തവണ വിവാദങ്ങളേറ്റുവാങ്ങി പിന്നീട് സിനിമ-സീരിയല്‍ രംഗത്തും സജീവമായ താരമാണ് ഡോ. രജിത് കുമാര്‍. ബിഗ് ബോസ് സീസണ്‍ 2വിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥി ആയിരുന്ന ഡോ രജിത്കുമാര്‍ തന്റെ ജീവിതത്തിലെ ചില ദുരനുഭവങ്ങള്‍ പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കോടിക്കണക്കിന് ആളുകളുടെ കുടുംബത്തിലും ഹൃദയത്തിലും സ്ഥാനം ലഭിച്ചു എന്നതാണ് ബിഗ് ബോസിനു ശേഷം ലഭിച്ച പ്രധാന സന്തോഷം എന്ന് രജിത് കുമാര്‍ പറയുന്നു. എന്നാല്‍ ഇതിനിടെ തനിക്കെതിരെ രണ്ട് കേസുകള്‍ വന്നെന്നും അതിലൊരു കേസില്‍ കോടതി ശിക്ഷ വിധിച്ചെന്നും രജിത് തുറന്നു പറഞ്ഞു. അട്ടപ്പാടിയില്‍ 'ചാട്ടുളി' എന്ന സിനിമാ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
നഷ്ടം സംഭവിച്ചത് കൊറോണ മൂലമാണ്. ബിഗ് ബോസിനുശേഷം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ എനിക്കെതിരെ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവച്ചു തന്നത്. ഒന്ന് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസ്. ഞാന്‍ ആളുകളെ വിളിച്ചുകൂട്ടി എന്നതാണ് കേസ്. ആ കേസില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതിയില്‍ അത് തള്ളിക്കളയാന്‍ വേണ്ടി 25000 രൂപ കൊടുത്ത് സ്വയം കേസ് ഫയല്‍ ചെയ്തു.
രണ്ടാമത്തേത്, എന്നെ കുറെ ആളുകള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോള്‍ മനസ്സിനു നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്നോ എന്തോ ഒരു വാക്ക് ഞാന്‍ പറഞ്ഞുപോയി. ആ തിരക്കില്‍ എന്താണ് കൊറോണ എന്നു പോലും വന്നിറങ്ങുമ്പോള്‍ അറിയില്ല. എന്റെ വാക്കുകള്‍ കൊറോണ പടരാന്‍ കാരണമായെന്നു പറഞ്ഞ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരുവനന്തപുരത്ത് ഉള്ള ഒരാള്‍ പരാതി നല്‍കി. അത് എറണാകുളും ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തു. അങ്ങനെ അതും തള്ളിക്കളയാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു
ഒന്നാമത്തെ കേസില്‍ എന്നെ ശിക്ഷിച്ചു. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഒന്നുങ്കില്‍ ഒരു ദിവസം ജയിലില്‍ കിടക്കണം ഇല്ലെങ്കില്‍ 200 രൂപ ഫൈന്‍ അടയ്ക്കണം. അങ്കമാലി കോടതിയില്‍ ഞാന്‍ 200 രൂപ ഫൈന്‍ അടച്ചു. അതോടെ നെടുമ്പാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞു. സത്യത്തില്‍ ഈ കേസില്‍ 2000 രൂപ അന്ന് ഫൈന്‍ അടച്ചിരുന്നെങ്കില്‍ ഞാന്‍ കൊടുത്ത പൈസയില്‍ നിന്ന് 23000 രൂപ പാവപ്പെട്ടവര്‍ക്കു കൊടുക്കാമായിരുന്നു.
അന്തിമ ഘട്ടത്തിലാണ് അടുത്ത കേസ്. എനിക്കെതിരെ കേസ് കൊടുത്ത ആളിനെ ഇപ്പോള്‍ കാണാനില്ല. ആ ആളിനെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം എനിക്കാണുള്ളത്. ഇതൊക്കെയാണ് ഇവിടുത്തെ അവസ്ഥ. നമ്മള്‍ അങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുപോലുമല്ല നമുക്കെതിരെ കേസ് എടുക്കുന്നത്. ഫോണില്‍ മെസേജ് വരുമ്പോഴാണ് എനിക്കെതിരെ ഇങ്ങനെയൊരു കേസ് ഉണ്ടെന്ന കാര്യം അറിയുന്നത് തന്നെ.
എനിക്ക് പാസ്‌പോര്‍ട്ട് ഇല്ല. ഈ സാഹചര്യത്തില്‍ രണ്ട് ജാമ്യക്കാരില്ലാതെ പാസ്‌പോര്‍ട്ട് എടുക്കാനും പറ്റില്ല. കേസ് ഒക്കെ ഒഴിയുമ്പോള്‍ എടുക്കാം. ബിഗ് ബോസിനു ശേഷം ലാലേട്ടന്‍ രണ്ട് സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം പറഞ്ഞിരുന്നു. എന്റെ വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് ഓഫറുകള്‍ നല്‍കിയതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയി. ജോലി ഞാന്‍ രാജിവച്ചു. ജീവിതത്തില്‍ കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യാനാണ് എനിക്ക് താല്‍പര്യം.''-രജിത് കുമാര്‍ പറയുന്നു.