പിറന്നാള്‍ ആശംസ നേര്‍ന്ന ആന്റണി പെരുമ്പാവൂരിന് രസകരമായ മറുപടി നല്‍കി പൃഥ്വിരാജ് സുകുമാരന്‍. 'ജന്മദിനാശംസകള്‍ പ്രിയപ്പെട്ട രാജു, ഇനിയും നിരവധി നാഴികകല്ലുകളും മഹത്തായ നിമിഷങ്ങളും ഉണ്ടാകട്ടെ' എന്ന് പിറന്നാള്‍ ആശംസ നേര്‍ന്ന ആന്റണിയോട് 'നന്ദി, ആ ഹെലികോപ്റ്ററിന്റെ കാര്യം...' എന്നായിരുന്നു പൃഥ്വിയുടെ മറുപടി....
പൃഥിവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആശംസ നേര്‍ന്നത്. എന്നാല്‍, 'ആ ഹെലികോപ്ടറിന്റെ കാര്യം...' എന്നാണ് പോസ്റ്റിനു മറുപടിയായി പൃഥ്വി കുറിച്ചത്. താരത്തിന്റെ രസകരമായ കമന്റ് ആരാധകര്‍ ഏറ്റെടുത്തു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' പണിപ്പുരയിലാണ്. മുരളി ഗോപി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മലയാളം സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഹൈപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്. ബ്ലോക്ബസ്റ്റര്‍ ചിത്രമായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം എന്നതിലുപരി, എന്താണ് പൃഥ്വിരാജ് ഒരുക്കിയിരിക്കുന്നത് എന്ന ആകാംഷയാണ് ആരാധകര്‍ക്ക്.
സയിദ് മസൂദ് എന്ന കഥാപാത്രമായാണ് ലൂസിഫറിലും, എമ്പുരാനിലും പൃഥിരാജ് എത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ 'ജനറലിന് ജന്മദിനാശംസകള്‍,' എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പൃഥ്വിക്ക് ആശംസ അറിയിച്ചത്. സയിദ് മസൂദിന്റെ പോസ്റ്ററും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
എമ്പുരാനിലെ പൃഥ്വിരാജിന്റെ പുത്തന്‍ ലുക്കാണ് പോസ്റ്ററില്‍. 'ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടത്...പിശാച് വളര്‍ത്തിയെടുത്തു! സയിദ് മസൂദ്, ചക്രവര്‍ത്തിയുടെ ജനറല്‍,'' എന്നാണ് മോഹന്‍ലാല്‍ പോസ്റ്റില്‍ കുറിച്ചത്.
എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും കൂടി ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ആയിട്ടാണ് എമ്പുരാന്‍ എത്തുക.