സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് കാലിന്റെ ലിഗമെന്റില്‍ കീഹോള്‍ സര്‍ജറി നടത്തിയത്. അദ്ദേഹത്തിന് ഡോക്ടര്‍ രണ്ട് മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കാലില്‍ പരുക്കേറ്റത്. മറയൂരില്‍ വെച്ചാണ് സംഭവം. ഷൂട്ടിംഗിനിടെ ബസില്‍ നിന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൃഥിരാജിന് പരിക്കേറ്റത്. ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.ജി.ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഷമ്മി തിലകന്‍, അനു മോഹന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ജൂലൈയില്‍ എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. പരിക്കേറ്റതിനെത്തുടര്‍ന്ന് വിലായത്ത് ബുദ്ധ, എമ്പുരാന്‍, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നീളും.