ബാഹുബലി നായകൻ പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ തന്റെ ആദ്യ ചിത്രം പോസ്റ്റ് ചെയ്തു. ബാഹുബലി ചിത്രത്തിലെ രണ്ട് വാളുകൾ കുറുകെ പിടിച്ചിരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രം ലൈക്ക് ചെയ്തവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.
ഈ മാസം രണ്ടാം വാരമാണ് താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്. ഇൻസ്റ്റാഗ്രാം പേജിന് നിലവിൽ 8.5 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉണ്ട്. ഇപ്പോൾ തൃഭാഷാ ചിത്രം സാഹോയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് പ്രഭാസ്. പൊതുവേ വളരെ ഒതുങ്ങി കഴിയാൻ ഇഷ്ടപ്പെടുന്ന പ്രഭാസ് ആരാധകരുടെ അഭ്യർത്ഥന മാനിച്ചാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. ഫേസ്‌ബുക്കിലും താരത്തിന് ധാരാളം ആരാധകവൃന്ദമുണ്ട്.
യുവി ക്രിയേഷൻസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയാണ് പ്രഭാസിന്റെ അടുത്ത് വരാനിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 15-ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക.
മലയാളത്തിലെ ലാൽ പ്രമുഖ വേഷത്തിലെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും വേഷമിടുന്നുണ്ട്. റൺ രാജാ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.