പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അവശ നിലയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ് അദ്ദേഹം. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം പൂജപ്പുര വിട്ട് മകളുടെ വീട്ടിലേക്ക് താമസം മാറിയത്. ഏറെ വേദനയോടെയായിരുന്നു അദ്ദേഹം സ്വന്തം നാട് വിട്ട് വാര്‍ധക്യ കാലത്ത് മറയൂരിലേക്ക് മാറിയത്. ഇത് വാര്‍ത്തകളില്‍ അടക്കം ഇടം നേടുകയും ചെയ്തിരുന്നു.
തിരുവനന്തപുരം പൂജപ്പുരയുടെ മുഖമുദ്രയായിരുന്ന അദ്ദേഹം. പൂജപ്പുരയിലെ കുടുംബവീടിനു സമീപത്തായി 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത വീട്ടിലായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ താമസിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പം താമസിക്കുവാന്‍ യുകെയിലേക്ക് പോയതിലാണ് മകള്‍ ലക്ഷ്മിയ്ക്കൊപ്പം മറയൂരിലേക്ക് മാറേണ്ടി വന്നത്. പൂജപ്പുര വിട്ട് അദ്ദേഹം പോവുന്നതറിഞ്ഞ് നിരവധി താരങ്ങള്‍ അദ്ദേഹത്തെ യാത്രയാക്കുവാന്‍ എത്തിയിരുന്നു.
'പൂജപ്പുര നിന്നും മറയൂരിലേക്ക് താമസം മാറി പോകുന്ന മുതിര്‍ന്ന നാടക, സിനിമ, സീരിയല്‍ നടനായ പൂജപ്പുര രവി ചേട്ടനെ ഭവനത്തില്‍ എത്തി യാത്രമംഗളങ്ങള്‍ അറിയിച്ചു. എന്നോടൊപ്പം ആത്മ (അസോസിയേഷന്‍ ഓഫ് മലയാളം മീഡിയ ആര്‍ട്ടിസ്‌റ്സ്) ഭരണസമിതി അംഗങ്ങളായ പൂജപ്പുര രാധാകൃഷ്ണന്‍, രാജ്കുമാര്‍, അഷ്‌റഫ് പേഴുംമൂട് എന്നിവരും ഉണ്ടായിരുന്നു. ഒപ്പം ആത്മയുടെ പേരില്‍ ഒരു സ്നേഹോപഹാരവും അദ്ദേഹത്തിന് നല്‍കി. ഞങ്ങള്‍ പടിയിറങ്ങി,' പൂജപ്പുര രവിയെ സന്ദര്‍ശിച്ച ശേഷം എന്നാണ് മാസങ്ങള്‍ക്കു മുമ്പ് അവസാന ചിത്രം പങ്കുവച്ചുകൊണ്ട് കിഷോര്‍ സത്യാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കെ. മുരളീധരന്‍ എം.പിയും അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു.
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം. ഗപ്പിയില്‍ അഭിനയിച്ചതിനു ശേഷം ടൊവീനോയെ നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലായെന്ന കാര്യവും പൂജപ്പുര രവി വേദനയോടെ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ വേദനയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. '?ഗപ്പിക്ക് ശേഷം ഞാനെത്രയോ പ്രാവശ്യം ടൊവിനോയെ വിളിച്ചു. അവന്‍ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മള്‍ക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ' 'സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാന്‍ ഇന്നുവരെ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല. മേനക-സുരേഷിന്റെ ഒരുപാട് പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അയാളെ പോലും വിളിച്ചാല്‍ എടുക്കാറില്ല. അവരുടെ ഒക്കെ വിചാരം ഇതാണ്'
രവീന്ദ്രന്‍ നായര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രവി യഥാര്‍ത്ഥത്തില്‍ വളരെ വഴക്കമുള്ള ഒരു സ്വഭാവ നടനാണ്, അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് വ്യക്തമാകുന്ന ഏത് വേഷവും ചെയ്യാന്‍ കഴിയുന്ന വഴക്കമുള്ള ഒരു സ്വഭാവ നടനായിരുന്നു പൂജപ്പുര രവിയെന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് വ്യക്തമാകുന്നു. ഏകദേശം അദ്ദേഹം 600 സിനിമകളിലോളം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1990 കളില്‍ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.
തിരുവനന്തപുരത്തെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും നാല് മക്കളില്‍ മൂത്തയാളായാണ് പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തങ്കമ്മയാണ് ഭാര്യ. ലക്ഷ്മി, ഹരി കുമാര്‍ എന്നിവരാണ് മക്കള്‍.