Latest News

മകള്‍ വലുതായി വരുമ്പോള്‍, അച്ഛന്റെയും അമ്മയുടെയും ഡിവോഴ്‌സിന്റെ കാരണമെന്തെന്ന് ഞാന്‍ പറഞ്ഞുവേണം അറിയാന്‍; ഒളിച്ചോടിയത് 18-ാം വയസില്‍ അല്ല; ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുക; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പാര്‍വതി വിജയ് 

Malayalilife
മകള്‍ വലുതായി വരുമ്പോള്‍, അച്ഛന്റെയും അമ്മയുടെയും ഡിവോഴ്‌സിന്റെ കാരണമെന്തെന്ന് ഞാന്‍ പറഞ്ഞുവേണം അറിയാന്‍; ഒളിച്ചോടിയത് 18-ാം വയസില്‍ അല്ല; ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുക; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പാര്‍വതി വിജയ് 

തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി പാര്‍വതി വിജയ്. ഡിവോഴ്‌സ് എന്നത് എല്ലാവര്‍ക്കും വിഷമം വരുന്ന കാര്യം തന്നെയാണ്. ദയവ് ചെയ്ത് താന്‍ പറയാത്ത കാര്യങ്ങള്‍ വച്ച് വീഡിയോ ചെയ്യരുത് എന്നാണ് നടി ആവശ്യപ്പെടുന്നത്. പതിനെട്ടാം വയസ്സില്‍ ഒളിച്ചോടി വിവാഹം ചെയ്തുവെന്ന ആരോപണം തെറ്റാണെന്നും തന്റെ വിവാഹം 21-ാം വയസ്സിലായിരുന്നു. കുട്ടിക്ക് 5000 രൂപ കൊടുക്കണമെന്ന് താന്‍ പറഞ്ഞുവെന്ന് ചില വീഡിയോയില്‍ വരുന്നുണ്ട്. ഇതൊക്കെ നിങ്ങളോട് ആരാണ് പറഞ്ഞത് എന്നാണ് പാര്‍വതി ചോദിക്കുന്നത്. 

പാര്‍വതിയുടെ വാക്കുകള്‍: എന്താണ് ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്നതിന്റെ മറുപടി പറയാനാണ് ഈ വീഡിയോയുമായി വന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുന്നത്. നമ്മള്‍ പോലും ജീവിതത്തില്‍ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് അവര്‍ ഇടുന്നത്. പാര്‍വതിക്ക് അമ്മായിഅമ്മയോടുള്ള സ്‌നേഹം കണ്ടോ, അത് മാറില്ല എന്നൊക്കെയായിരുന്നു അതില്‍ പറയുന്നത്. ഡിവോഴ്‌സ് എന്നത് എല്ലാവര്‍ക്കും വിഷമം വരുന്ന കാര്യം തന്നെയാണ്. ആ അവസ്ഥ കഴിഞ്ഞാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. ദയവ് ചെയ്ത് ഞാന്‍ പറയാത്ത കാര്യങ്ങള്‍ വച്ച് വീഡിയോ ചെയ്യരുത്. 

ഓരോ ദിവസവും എന്നെ കുറിച്ച് ഓരോ വീഡിയോകളാണ് ഇടുന്നത്. ഞങ്ങളുടെ പഴയ ഫോട്ടോസ് ആണ് അതിലൊക്കെ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെയൊരു മറുപടിയുമായി എത്തിയത്. ഒരു പുതിയ ഫോട്ടോ ഇട്ടാല്‍ പോലും അതിനു വേറെ വ്യാഖ്യാനം നല്‍കിയാണ് വീഡിയോ ചെയ്യുന്നത്. ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുക. എനിക്കൊരു മകള്‍ ആണുള്ളത്. നാളെ  അവള്‍ വലുതായി വരുമ്പോള്‍, അച്ഛന്റെയും അമ്മയുടെയും ഡിവോഴ്‌സിന്റെ കാരണമെന്തെന്ന് ഞാനോ എന്റെ കുടുംബത്തിലുള്ളവരോ പറഞ്ഞുവേണം അറിയാന്‍. അല്ലാതെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കണ്ട ശേഷമല്ല തീരുമാനിക്കേണ്ടത്. 

വിവാഹമോചനത്തിന്റെ കാരണമെന്തെന്ന് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കുട്ടി ഇതുപോലുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ സ്വാഭാവികമായും അവളുടെ ഉള്ളിലും ഒരു ആശങ്ക ഉണ്ടാകും. നമ്മള്‍ എത്ര പറഞ്ഞുകൊടുത്താലും അവള്‍ക്കത് പൂര്‍ണമായി മനസ്സിലാകണമെന്നില്ല. നാളെ അവളുടെ സ്‌കൂളിലെ കുട്ടികള്‍ തന്നെ ഇത്തരം വീഡിയോ കണ്ടിട്ട് ചോദ്യവുമായി എത്തും. അത് അവളെയും ഞങ്ങളെയുമൊക്കെ വേദനിപ്പിക്കും. ഇങ്ങനെയൊരു പ്രശ്‌നം ജീവിതത്തിലുണ്ടായെന്ന് വച്ച് അത് ഭാവിയിലും നമ്മളെ വേട്ടയാടുക എന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. അതിന് കാരണം ഇങ്ങനെയുള്ള മാധ്യമങ്ങളാണ്. എന്റെ പതിനെട്ടാം വയസിലാണ് ഞാന്‍ ഒളിച്ചോടിയതെന്ന് പലരും ആ വീഡിയോയില്‍ കമന്റ് ആയി പോസ്റ്റ് ചെയ്തിരുന്നു. 

21ാം വയസിലായിരുന്നു വിവാഹം. അങ്ങനെയൊരു വിവാഹമായത് കൊണ്ട് തന്നെ നെഗറ്റിവ് കമന്റ്‌സ് വരുമെന്ന് ഉറപ്പായിരുന്നു. അതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. അന്ന് അതെന്റെ ജീവിതത്തില്‍ സംഭവിച്ചൊരു തെറ്റ് ആണ്. അതിനെ അങ്ങനെയേ ഞാന്‍ കാണുന്നുള്ളൂ. അതുവച്ച് ഇനി എന്റെ കുഞ്ഞിനെ കൂടി ബാധിക്കാന്‍ പാടില്ല. കുട്ടിക്ക് അച്ഛനെ കാണാമോ, കുട്ടിക്ക് മാസം 5000 രൂപ വച്ച് കൊടുക്കണമെന്ന് പാര്‍വതി പറഞ്ഞിട്ടുണ്ടെന്നൊക്കെ വീഡിയോയില്‍ പറയുന്നു. ഇതൊക്കെ നിങ്ങളോട് ആരാണ് പറഞ്ഞത്. കുട്ടിയുടെ അച്ഛന്‍ എപ്പോഴും അയാള്‍ തന്നെയാണ്. അയാള്‍ വന്ന് കാണേണ്ടെന്നോ കാണിക്കില്ലെന്നോ ആരോടും പറഞ്ഞിട്ടില്ല. ഞങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചികഞ്ഞ് അന്വേഷിക്കുന്നത് എന്തിനാണ്.

അറിയില്ലാത്ത കാര്യങ്ങള്‍ ദയവ് ചെയ്ത് യൂട്യൂബ് ചാനലുകള്‍ ഇടാതിരിക്കുക. ഞങ്ങള്‍ പിരിയാനുളള കാരണം എന്തെന്ന് അറിയാമോ? സാമ്പത്തികം, അവിഹിതം എന്നൊക്കെയുള്ള ഊഹാപോഹങ്ങളും കൊടുക്കുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്ന് അറിയണമെങ്കില്‍ ഞങ്ങളോടു വന്നു ചോദിക്കുക. സംസ്‌കാരമില്ലാത്ത കാര്യമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. നിങ്ങളുടെ ചാനലിന് ഹൈപ്പ് കിട്ടാന്‍ മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാതിരിക്കുക.

parvathy vijay mass rep divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES