കണ്ണിറുക്കല്‍ കൊണ്ട് കഥ പറയുക എന്നൊക്കെ കേട്ടിട്ടില്ലേ ! കരിമഷി എഴുതി കണ്ണിലൂടെ കൗമാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരു അഡാര്‍ ലൗ. പ്രണയദിനത്തില്‍ റിലീസായ ചിത്രത്തിലെ ഹൈലൈറ്റ് പ്രിയ പ്രകാശ് വാര്യര്‍ തന്നെയാണ്.പ്ലസ് വണ്‍, പ്ലസ്ടു കാലഘട്ടം ഒരു കൗമാരക്കാരനെ സംബന്ധിച്ചിടത്തോളം മറക്കാന്‍ കഴിയാത്ത അനുഭൂതിയാണ്. പ്രണയം,സൗഹൃദം, സ്‌കൂള്‍ ക്യാമ്പസിന്റെ സുന്ദര നിമിഷങ്ങള്‍ ഇവയൊക്കെ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക. ഒരിക്കല്‍ കൂടി തിരികെ കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആ സ്‌കൂള്‍ ജീവിത്തിലേക്ക് 2.25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ തിരികെ കൊണ്ടു പോയിരിക്കും.
കത്തുകള്‍ കൈമാറിയിരുന്ന കാലഘട്ടത്തില്‍ നിന്ന് മാറി നവമാധ്യമങ്ങളിലൂടെ പ്രണയം തുറന്നു പറയുന്നു എന്ന വ്യത്യാസം മാത്രമേ അഡാര് ലൗവില്‍ കാണിക്കപ്പെടുന്നുള്ളു. അപ്പോഴും പ്രണയം എന്ന വികാരം കണ്‍വെര്‍ജിഡായി പ്രേക്ഷകന്റെ മനസില്‍ സൂക്ഷിക്കപ്പെടുന്നു. ഡോണ്‍ ബോസ്‌കോ എന്ന സ്‌കൂളിലേക്കാണ് തുടക്കത്തില്‍ തന്നെ ഫ്രെയിം കൊണ്ടു പോകുന്നത്.
കഥയില്‍ ഉടനീളം ഈ സ്‌കൂളും ഇവിടുത്തെ രസികരായ വിദ്യാര്‍ത്ഥികളുമെല്ലാം കടന്നുപോകുന്നു. ചിത്രത്തിലും പ്രിയയും റോഷനും ഇതേ പേരുകളില്‍ തന്നെയാണ് എത്തുന്നത്. സി.ബി.എസ്.സി സ്‌കൂളിലേക്ക് പ്ലസ് വണ്‍ അഡിമിഷനിലെത്തുന്ന നായകനും നായികയും. റോഷന്റെയും പ്രിയയുടേയും ഉറ്റ സുഹൃത്തായി നൂറിന്‍ ഷെറിഫിന്റെ മറ്റൊരു നായികാ കഥാപാത്രവും എത്തുന്നു. നായകമാര്‍ക്ക് തുല്യപ്രാധാന്യം തന്നെയാണ് സിനിമയില്‍ ഒരുക്കിയിട്ടുള്ളതെങ്കിലും പ്രിയയുടെ കണ്ണിറുക്കലും പുഞ്ചിരിയും, ചുംബനവുമൊല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട്.
കഥ ഒരു വണ്‍ലൈനില്‍ പറഞ്ഞാല്‍ കൗമാരം പ്രണയം, ക്യാമ്പസ്, എന്നിവ ആദ്യ പകുതിയില്‍ പ്രേക്ഷകന് കിട്ടും. സൂകൂള്‍ ജീവിത്തില്‍ നമ്മള്‍ ആസ്വദിച്ചിട്ടുള്ള പല കാര്യങ്ങളും ക്ലാസ് റൂമിലെ രസകരമായ നിമിഷങ്ങളുമെല്ലാം ചിത്രത്തിലെത്തുന്നുണ്ട്. കൗമാരക്കാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ചിത്രം തന്നെയായിരിക്കും അഡാര്‍ ലൗ. കാരണം, കഥ പറയുന്നത് കൗമാരക്കാരുടെ സുന്ദര നിമിഷങ്ങള്‍ തന്നെയാണ്.
എല്ലാ സ്‌കൂളിലും കാണും അറുബോറനായ ഒരു പ്രിന്‍സിപ്പള്‍.ദുരന്തനായ കണക്കുസാര്‍, കുട്ടികളെ കയ്യിലെടുക്കുന്ന പി.ടി മാഷ്, യൗവനം പ്രസരിപ്പിക്കുന്ന ബയോളജി ടീച്ചര്‍. ഇതൊക്കെ റിയലിസ്റ്റിക്കായി ഈ സിനിമയിലും കാണാം. നര്‍മം വിതറുന്ന കോമ്പിനേഷനുകളില്‍ കയ്യടി നേടുന്നത് ഹരീഷ് കണാരന്റെ പി.ടി സര്‍, അഞ്ച് മനിട്ടില്‍ മാത്രം തലകാണിച്ച സലിം കുമാര്‍, സോഷ്യല്‍ മീഡിയയിലെ താരമായ സിയാദ്, പ്രദീപ് കോട്ടയം എന്നിവര്‍ തന്നെയാണ്.
ചിത്രത്തിലെ ഒരു കോമഡി ഇന്റര്‍ടെയിന്‍മെന്റ് ഗണത്തില്‍ പെടുത്തുമ്പോഴും ക്ലൈമാക്‌സ് അല്‍പം ചിന്തിപ്പിക്കും. മുഴുനീള ചിരി പടര്‍ത്തിയ ചിത്രത്തില്‍ അവസരോചിതമായി തോന്നിയത് ക്ലൈമാകിസിലെ ഇമോഷന്‍ തന്നെയാണ്. ഒറ്റയടിക്ക് പറഞ്ഞാല്‍ സംഭവം ട്രാജഡിയാക്കി മാറ്റി. എവിടെയൊക്കേയും സമകാലികമായി ആവര്‍ത്തിച്ചിട്ടുള്ള ഇനി ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള വിഷയം തന്നെയാണ് ഒമര്‍ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്.
പ്രണയം ആര്‍ക്കും എപ്പോഴും തോന്നാവുന്ന വികാരമാണ്. അതിന്റെ വൈകാരികതയെ പല തലത്തിലായി ചിത്രത്തില്‍ കാണിച്ചു തരുന്നുണ്ട. ഒരാവര്‍ത്തിയല്ല പല ആവര്‍ത്തി. പ്രിയയുമായി പ്രണയ സല്ലാപത്തിലും ചുംബനത്തിലും ഗാഡമായി പ്രണയത്തെ ആദ്യ രംഗങ്ങളില്‍ കാണിക്കുമ്പടുമ്പോഴും പിന്നീടുള്ള നായകന്റെ കഥാപാത്രത്തില്‍ വരുന്ന വേലിയേറ്റങ്ങളില്‍ ഈ പ്രണയം തീവ്രമല്ല തനിക്കെന്ന് തിരിച്ചു ചിന്തിക്കപ്പെടുന്നു.
ഉറ്റസുഹൃത്തായി കടന്നുവരുന്ന നൂറിന്‍ ഷെറിഫിനോട് വൈകാരികമായി തോന്നുന്ന അടുപ്പം റോഷനെന്ന കഥാപാത്രത്തെ അവളിലേക്ക് അടുപ്പിക്കുന് രംഗങ്ങളും രണ്ടാം പകുതിയില്‍ കാണിച്ചു തരുന്നു... ഇതെന്താ കഥയെന്ന് ഓര്‍ത്ത് ചിലപ്പോള്‍ പ്രേക്ഷന് ചിന്തകള്‍ കടന്നു പോയേക്കാം. തിരക്കഥാ കൃത്തിനെ കുഴപ്പം പറയാന്‍ കഴിയില്ല.. കാരണം. ചിത്രത്തിലെ കണ്ണിറുക്കല്‍ തന്നെയാണ് ഇതിന് കാരണം.
കണ്ണിറുക്കല്‍ ചര്‍ച്ചയായിരുന്നില്ലെങ്കില്‍ പ്രിയ ശ്രദ്ധിക്കപ്പെടുമായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ആദ്യനായികയിലൂടെ തന്നെ കഥ മുന്നോട്ട് പോയേനെ. പ്രിയയ്ക്ക് ഹൈലൈറ്റ് നല്‍കേണ്ടി വന്നതോടെ തിരക്കഥയില്‍ വരുത്തിയ പൊളിച്ചെഴുത്ത് സിനിമയില്‍ മൊത്തത്തില്‍ പ്രകടമാകുന്നുണ്ട്.രണ്ടു നായികമാര്‍ കഥയില്‍ തുല്യപ്രാധാന്യത്തോടെ കടന്നുവരുമ്പോള്‍ തിരക്കഥയിലെ കൂടിചേരായ്മകള്‍ തന്നെ പ്രശ്‌നമായി പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം,
ആദ്യ പകുതിയില്‍ പ്രിയയുടെ സുന്ദരമായ ചിരിയും ചുംബനവും കണ്ണിറുക്കലുമൊക്കെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ നൂറിന്‍ ഷെറിന്റെ കഥാപാത്രമാണ് കഥയെ കൊണ്ടുപോകുന്നത്. പ്രണയചാഞ്ചാട്ടങ്ങളിലൂടെയൊക്കെയാണ് റോഷന്റെ കഥാപാത്രം കടന്നു പോകുന്നത് എന്ന ന്യൂനത ഒഴിച്ചാല്‍ ക്ലൈകാസ് ഗംഭീരം. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സ തന്നെയാണ് ഒമര്‍ ലുല്ലു സമ്മാനിച്ചത്. ഫുള്‍ കോമഡി സമ്മാനിച്ച ചിത്രത്തിലേക്ക് അവസാനം ഇമോഷണല്‍ ഇഫക്ട് തിരികൊളുത്തിയത് മാത്രമാണ് ചിത്രത്തിന്റെ ക്ലൈമക്‌സിന് വേറൊരു ഷെയ്ഡ് നല്‍കുന്നു.
മറ്റു താരനിരയില്‍ സിദ്ദിഖ്, സോഷ്ല്‍ മീഡിയയിലുടെ ശ്രദ്ദേയനായ സിയാദ് ഷാജഹാന്‍, പ്രദീപ് കോട്ടയം, യമി സോന, സിദ്ധിഖ് എന്നിവരും അവരവരുടെ റേറ്റിങ് ഗംഭീരമാക്കിയിട്ടുണ്ട്.റിലീസിന് മുന്‍പേ തരംഗമായ മാണിക്യമലരായി പൂവി എന്ന ഗാനം, പശ്ചാത്തല സംഗീതം എന്നിവയ്ക്ക് ഷാന്‍ റഹ്മാന് കൈയ്യടി നല്‍കണം. സിനിമയ്ക്ക് മുന്‍പേ ഈ ഗാനം വിമര്‍ശനം ഏറ്റുവാങ്ങിയപ്പോഴും സംവിധായകന്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നതിന്റെ കാരണം സിനിമ കണ്ടിറങ്ങുമ്പോള്‍ ആസ്വാദകന് ലഭിക്കും.
ഛായാഗ്രഹണം ഒരുക്കിയ സിനു സിദ്ധാര്‍ത്ഥ്, തിരക്കഥ ഒരുക്കി സാരഗ് ജയപ്രകാശ്, ലിജോ പനാഡ എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഫ്രെയിമുകളെ കത്രികയ്ക്കുള്ളില്‍ മനോഹരമാക്കിയ അച്ചു വിജയന്റെ എഡിറ്റിങ് മികച്ചത് തന്നെ. ഔസേപ്പച്ചന്‍ മുവി പ്രൊഡക്ഷന്‍സിന്റെ ബാനറലാണ് ചിത്രം റിലീസിനെത്തിച്ചത്.