മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ജീത്തു സിനിമയുടെ തിരക്കഥ കേട്ട ശേഷം തന്നില്‍ നിന്ന് കൈക്കലാക്കി എന്നും റിലീസ് തടയണമെന്ന് ആവശ്യം ഉന്നയിച്ച് ഒരാള്‍ ഹൈകോടതിയില്‍ സ്റ്റേ ഹര്‍ജി കൊടുത്തിരുന്നു. പക്ഷേ ഹൈക്കോടതി ആ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടു വന്ന ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജീത്തു ജോസഫ്.
'നേര് നിങ്ങളിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉല്‍ഹാസത്തോടെയുമാണ് നേര് എന്ന ചിത്രം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് ഇടയില്‍, അതും എന്റെ സിനിമയുടെ റിലീസ് അടുക്കുന്ന വേളയില്‍ ഒരു വിവാദം സൃഷ്ടിക്കപ്പെട്ടു.
നേര് എന്ന സിനിമയുടെ കഥയ്ക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാള്‍ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാളെ ' നേര് ' തിയേറ്ററുകളില്‍ നിന്നു കണ്ട ശേഷം നിങ്ങള്‍ പ്രേക്ഷകര്‍ വിധിയെഴുതുക.. നേരെന്ത് കളവെന്ത് എന്നുള്ളത്..'', ജീത്തു കുറിച്ചു.
ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, മോഹന്‍ലാലിന്റെ ഗംഭീര തിരിച്ചുവരവാണെന്നാണ് കണ്ടവര്‍ ഓരോരുത്തരും പ്രതികരിച്ചിരിക്കുന്നത്.