ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ കുറിപ്പുമായി നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്പീശനും സംവിധായികയുമായ ഗീതു മോഹന്‍ദാസും. ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം എത്രത്തോളം പ്രസക്തമാണെന്ന് മൂന്നു പേരും കുറിപ്പില്‍ പറയുന്നു. മൂന്നു പേരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദുരനുഭവം നേരിട്ട സഹപ്രവര്‍ത്തകയുടെ പോരാട്ടത്തെ ഓര്‍മിപ്പിച്ചത്.
ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൊരുതാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും ഗീതു മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. ഇതേ വാക്കുകള്‍ മഞ്ജു വാര്യരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'പറഞ്ഞത് സത്യം' എന്ന് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന്റെ പോസ്റ്റിന് താഴെ കമന്റും ചെയ്തു.
'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം.'-രമ്യാ നമ്പീശന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. നേരത്തെ, ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്നമില്ലെന്ന് മൊഴി നല്‍കിയെന്ന പരാമര്‍ശമാണ് വിമര്‍ശനത്തിലേക്ക് നയിച്ചത്.
സ്ത്രീകളുടെ കാര്യത്തില്‍ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണെന്ന് നടി ഉര്‍വശിയും വ്യക്തമാക്കി. തെന്നിമാറിയുള്ള മറുപടികള്‍ ശരിയല്ല. സിനിമയുടെ എല്ലാ മേഖലയിലുമുള്ള പുരുഷന്മാര്‍ക്ക് അപമാനകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടന ശക്തമായ നടപടി സ്വീകരിക്കണം.
അന്യഭാഷയിലെ ഒരു നടിയാണ് പരാതി പറഞ്ഞിരിക്കുന്നത്. എല്ലാ ഭാഷയിലും അതിന്റെ ചലനങ്ങളുണ്ടാകും. സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടെന്നും അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു.
'സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്'. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണെന്നും ഉര്‍വശി പറഞ്ഞു.നിയമപരമായ കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ അമ്മയ്ക്ക് പറ്റില്ല. ഇനി ആരെയും കുറ്റം പറയാനും സമയമില്ല. താന്‍ ഉള്‍പ്പെടുന്ന സംഘടനയായ അമ്മ എന്ത് നിലപാടെടുക്കുന്നു എന്ന് അറിയണം. ഇനിയും വച്ചുനീട്ടാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ നാലരകൊല്ലം കഴിഞ്ഞുവെന്നും ഉര്‍വശി ഓര്‍മ്മപ്പെടുത്തി.
അതേസമയം, യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ സിദ്ധിഖിനെതിരെ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയര്‍ന്നതോടെ താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ രാജി.
യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്റെ ആരോപണങ്ങളില്‍ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്. നടി പരാതി നല്‍കുകയാണെങ്കില്‍ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം.