സുഹാസിനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണിയന്‍പിള്ള രാജു. '40 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച്' എന്ന ക്യാപ്ഷനോടെയാണ് മണിയന്‍പിള്ള രാജു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്.എന്നാല്‍ ഏത് ചിത്രത്തിനായാണ് താരങ്ങള്‍ വീണ്ടുമെത്തുന്നത് എന്ന കാര്യം വ്യക്തമല്ല.
1983 ല്‍ പുറത്തിറങ്ങിയ 'കൂടെവിടെ' എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒന്നിച്ചെത്തിയത്. പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും റഹ്മാനുമായിരുന്നു പ്രധാന വേഷത്തില്‍. ശങ്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മണിയന്‍പിള്ള രാജു എത്തിയത്. ആലീസ് എന്ന അധ്യാപികയുടെ വേഷത്തില്‍ സുഹാസിനിയുമെത്തി. സുഹാസിനിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് സുഹാസിനി. മലയാള സിനിമയിലും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുഹാസിനി ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു. സംവിധാകന്‍ മണിരത്നവുമായുള്ള വിവാഹത്തിന് ശേഷം തിരക്കഥാകൃത്തായും സംവിധായികയായുമൊക്കെ സുഹാസിനി എത്തി. ഗണേഷ് രാജ് ഒരുക്കിയ പൂക്കാലം എന്ന ചിത്രത്തിലൂടെ അടുത്തിടെ വീണ്ടും സുഹാസിനി മലയാളത്തില്‍ സാന്നിധ്യമറിയിച്ചിരുന്നു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്സാണ് മണിയന്‍പിള്ള രാജുവിന്റേതായി ഒടുവിലെത്തിയ ചിത്രം. ആസിഫ് അലി നായകനായെത്തിയ മഹേഷും മാരുതിയും ആയിരുന്നു മണിയന്‍പിള്ള രാജു ഒടുവില്‍ നിര്‍മ്മിച്ച ചിത്രം.