മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനൊപ്പം പാടിയും കഥപറഞ്ഞും വേദി കീഴടക്കി മമ്മൂട്ടി. ബഹറിനിൽ സംഘടിപ്പിച്ച ഹാർമോണിസ് കേരള 2019 ആഘോഷ രാവിലാണ് പി ജയചന്ദ്രനൊപ്പം മമ്മൂട്ടി ഗാനം ആലപിച്ചത്. തനിക്ക് പാടാൻ അറിയാൻപാടില്ലന്നേയുള്ളു, പാടാറില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സ്വയം സന്തോഷത്തിനായി പാടാറുണ്ടെന്നും മമ്മൂട്ടി പറയുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ജയചന്ദ്രന്റെ സിനിമാ ജീവിതത്തിലെ ആദ്യഗാനങ്ങൾ പാടുന്നതിനോടൊപ്പം അദ്ദേഹത്തെ കുറിച്ചുള്ള അനുഭവങ്ങളും മമ്മൂട്ടി പങ്കുവച്ചു.മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം ഞാൻ ആദ്യം കേൾക്കുന്നത് സ്‌കൂളിൽ പോകുമ്പോഴാണ്. എന്റെ ചെറിയമ്മയുടെ വീട് എറണാകുളം പത്മ തിയേറ്ററിന്റെ തൊട്ടടുത്താണ്.
ഒരുദിവസം ഞാൻ പത്മാ തിയേറ്റിൽ ഇരുന്ന് കളിത്തോഴൻ എന്ന സിനിമ കാണുകയാണ്. നസീർ സാറാണ് ആ പാട്ടു പാടുന്നത്. ഇതൊക്കെ ഞാൻ നിങ്ങളോട് രഹസ്യം പറയുകയാണ്. എനിക്ക് പാടാൻ അറിയില്ലാന്നേയുള്ളൂ, ഞാൻ പാടാറില്ലാന്ന് എവിടെയും പറഞ്ഞിട്ടില്ല. എനിക്കു പാട്ടുപാടാൻ അറിയില്ല. പക്ഷേ ഞാൻ പാടും. അതെന്റെ സ്വന്തം സന്തോഷത്തിനാണ്'- മമ്മൂട്ടി പറഞ്ഞു.
പി. ജയചന്ദ്രനൊപ്പം മൂന്നു പൂക്കൾ എന്ന സിനിമയിലെ 'വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ...' എന്ന ഗാനവും 'വൈശാഖ പൗർണ്ണമി രാവിൽ...' തുടങ്ങിയ ഗാനങ്ങൾ മമ്മൂട്ടി ആലപിച്ചു. കരഘോഷങ്ങളോടെയാണ് ഇരുവരുടെയും ആലാപനത്തെ സദസ്സ് ഏറ്റെടുത്തത്.