ഫിഫ ലോകകപ്പ് ഫൈനലിന് സാക്ഷികാളാവാന്‍ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയും മോഹന്‍ലാലും. ഫ്രാന്‍സ്- അര്‍ജന്റീന പോരാട്ടത്തിനിടയില്‍ ഗ്യാലറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി പങ്കു വെച്ചു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ മത്സരം കാണാന്‍ എത്തുന്നത്. ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ് ഖത്തറില്‍ വച്ച് പുറത്തിറക്കിയിരുന്നു.
'ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം' എന്ന അടിക്കുറിപ്പോടെയായിരുന്നു മമ്മൂട്ടി ഫുട്ബാള്‍ ആരാധകരോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയോടൊപ്പമുണ്ട്.
ഖത്തര്‍ വളരെ മനോഹരമായിട്ടാണ് ലോകകപ്പ് സംഘടിപ്പിച്ചതെന്ന് മോഹന്‍ലാല്‍.ലോകകപ്പ് ഖത്തര്‍ എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് ആദ്യം കുറേ സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയും ചെറിയ സ്ഥലമായിരുന്നിട്ടും ആരാധകരടക്കം എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. വെരി വെല്‍ ഓര്‍ഗനൈസിഡെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഏതാണ് ഇഷ്ട ടീം എന്ന് ചോദിച്ചപ്പോള്‍ തനിക്കൊരു ഫേവറേറ്റ് ടീം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'എനിക്ക് തോന്നുന്നു വേള്‍ഡ് കപ്പിന്റെ മുപ്പത് ശതമാനവും മലയാളികളാണ്. അവരുടെ സപ്പോര്‍ട്ട് ഭയങ്കരമായിട്ടുണ്ട്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഞാന്‍.
വളരെ ദൂരെ നിന്ന് യാത്ര ചെയ്ത് വന്നതാണ് ഞാന്‍. മൊറോക്കോയില്‍ നിന്നാണ് വന്നത്. ഇത് കഴിഞ്ഞയുടന്‍ തിരിച്ചുപോകും. ഇന്ന് ആരാണ് ജയിക്കുന്നതെന്നൊന്നും പറയാനാകില്ല. ഇതൊരു ഗെയിമാണ്.- മോഹന്‍ലാല്‍ പറഞ്ഞു.
ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍ ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു.
<