മുതിര്‍ന്ന സംഗീത സംവിധായകനും ഹൃത്വിക് റോഷന്റെ അമ്മാവനുമായ രാജേഷ് റോഷന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഗായികയുടെ വെളിപ്പെടുത്തല്‍. ബംഗാളി ഗായിക ലഗ്‌നജിത ചക്രവര്‍ത്തിയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുംബൈയില്‍ രാജേഷ് റോഷന്റെ വസതിയില്‍ വച്ചാണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. സ്ട്രെയിറ്റ് അപ്പ് വിത്ത് ശ്രീ എന്ന പോഡ്കാസ്റ്റിലാണ് ഗായിക ദുരനുഭവം വിവരിച്ചത്.
ഗായികയായ തനിക്ക് അവസരമുണ്ടെന്ന് പറഞ്ഞാണ് രാജേഷ് റോഷനുമായി സംസാരിച്ചത്. ഞങ്ങള്‍ ഒരു പരസ്യം ചെയ്യുന്നതിന്റെ ചര്‍ച്ചയിലായിരുന്നു. ഞാന്‍ മുംബൈയില്‍ താമസിക്കുകയായിരുന്നു അപ്പോള്‍. സാന്താക്രൂസിലെ വസതിയില്‍ അദ്ദേഹത്തെ കാണാന്‍ ചെല്ലാന്‍ പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. അതൊരു ആഡംബര സ്ഥലമായിരുന്നു. വീട്ടിലെത്തിയ എന്നെ വളരെ നന്നായി പരിപാലിക്കുകയും നല്ല രീതിയില്‍ സ്വീകരിക്കുകയും ചെയ്തു.
എല്ലാത്തരം സൗകര്യങ്ങളും ഉപകരണങ്ങളുമുള്ള അദ്ദേഹത്തിന്റെ സംഗീത മുറിയില്‍ ഞങ്ങള്‍ ഇരുന്നു. അപ്പുറത്ത് ഇരുന്ന അദ്ദേഹം എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാന്‍ കുറെ പരസ്യ ജിംഗിളുകള്‍ പാടിയിരുന്നു. എന്റെ ചില വര്‍ക്കുകള്‍ കാണിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അത് കാണിക്കുന്നതിന് വേണ്ടി മേശപ്പുറത്ത് ഒരു ഐപാഡ് ഉണ്ടായിരുന്നത് എടുത്ത് അതില്‍ നിന്നും ബ്രൗസ് ചെയ്യുമ്പോള്‍ അദ്ദേഹം എന്റെ അടുത്ത് നിന്ന് അല്‍പ്പം മാറുന്നത് ഞാന്‍ കണ്ടു.
അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പക്ഷേ ഉടനടി പ്രതികരിച്ചില്ല. ഞാന്‍ ഒട്ടും പരിഭ്രമിക്കുന്നില്ലെന്നും പ്രതികരിക്കില്ലെന്നും തോന്നിയതോടെ അയാള്‍ എന്റെ പാവാടയുടെ ഉള്ളിലേക്ക് കൈ കടത്തി. ഇതോടെ ഞാന്‍ ചാടി എഴുന്നേല്‍ക്കുകയും അയാളോട് അധികമൊന്നും പറയാതെ പുറത്തേക്കിറങ്ങി പോവുകയും ചെയ്തു.
ബോളിവുഡിലും അഭിനയ മേഖലയിലും മാത്രമല്ല, സംഗീത മേഖലയിലും കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്നാണ് ഗായിക പറയുന്നത്. രാജേഷ് റോഷന്‍ അത്തരം ആളുകളില്‍ ഒന്ന് മാത്രമാണെന്നും മറ്റ് അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ലഗ്നജിത പറയുന്നു.
അവരുടെയൊക്കെ പേര് പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ പറഞ്ഞാല്‍ അത് വലിയ രോഷത്തിന് കാരണമാകുമെന്നും അവരുടെ ജീവിതം ദുഷ്‌കരമാക്കുമെന്നും ഗായിക പറയുന്നു. ബംഗാളി പിന്നണി ഗായികയായിട്ടാണ് ലഗ്നാജിത ശ്രദ്ധിക്കപ്പെടുന്നത്. കൂടാതെ നിരവധി പരസ്യ ജിംഗിളുകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. ഇതിന് പുറമെ, ചോട്ടുഷ്‌കോണ്‍ എന്ന ചിത്രത്തിലെ 'ബസന്തോ ഈഷെ ഗെച്ചെ' എന്ന ജനപ്രിയ ഗാനത്തിലൂടെയാണ് താരം ആരാധകര്‍ക്കിടയില്‍ തരംഗമാവുന്നത്.