യൂത്ത് കോണ്‍ഗ്രസ് നേതാവ് അനന്തുവിനെ കൊന്നത് സിനിമാ സ്റ്റൈലിലായിരുന്നു. ലഹരിക്ക് അടിമായ സംഘം സൂപ്പര്‍ ഹിറ്റ് സിനിമയായ കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ്) ആരാധകരായിരുന്നു. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് കെജിഎഫ് പറയുന്നത്.
കൊലപാതക സംഘം കെജിഎഫ് സിനിമയുടെ അരാധകരായിരുന്നെന്നും, കുറ്റകൃത്യങ്ങളുടെ ലോകത്ത് സിനിമാ നായകനെപോലെ വളരാന്‍ ആഗ്രഹിച്ചിരുന്നതായും പൊലീസ് പറയുന്നു. രൂപത്തിലും സംസാരത്തിലും സിനിമയിലെ നായകനെ അനുകരിക്കാന്‍ ഈ സംഘം ശ്രമിച്ചിരുന്നു. കൂട്ടമായി വരുന്നവന്‍ ഗ്യാങ്ങ് സ്റ്റാര്‍...അവന്‍ ഒറ്റയ്ക്കാണ് വന്നത് മോണ്‍സ്റ്റര്‍.....എന്ന ഡയലോഗും കൊലപാതകത്തിനിടെ പ്രതികള്‍ ആവര്‍ത്തിച്ചിരുന്നു സിനിമയോടുള്ള അമതി താല്‍പ്പര്യമായിരുന്നു ഇതിന് കാരണം. പ്രതികള്‍ക്ക് സിപിഎമ്മുമായി അടുപ്പമുണ്ട്. എങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരുമല്ല. ലഹരി മാഫിയയുടെ ഇടപെടലാണ് ഇവരെ അക്രമത്തിന്റെ വഴിയിലെത്തിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.
ചാക്ക ഐടിഐ വിദ്യാര്‍ത്ഥിയായ അനന്തുവിനെ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണു നാലുപേര്‍ ചേര്‍ന്ന് തളിയില്‍ അരശുംമൂട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. അരശുംമൂട്ടിലെ കടയില്‍ ജ്യൂസ് കുടിക്കാന്‍ നിര്‍ത്തിയപ്പോഴാണു ബലമായി സ്വന്തം ബൈക്കില്‍തന്നെ കയറ്റികൊണ്ടുപോയത്. നാട്ടുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോയ വിവരം വീട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. കൂട്ടുകാരാണു പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം - നീറമണ്‍കര റോഡില്‍ അനന്തുവിന്റെ ബൈക്ക് കണ്ടെത്തിയത്. പൊലീസെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് അടുത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടിയിരുന്നു.
അനന്തുവിനെ മര്‍ദിക്കുമ്പോഴും അക്രമിസംഘത്തിലെ ചിലര്‍ കെജിഎഫ് സിനിമയിലെ നായകന്റെ വാചകങ്ങള്‍ പറഞ്ഞിരുന്നു. അങ്ങനെ എല്ലാം സിനിമാ സ്‌റ്റൈലില്‍. സംഘത്തിലെ 11 പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരെ ഇനി കണ്ടെത്താനുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കവും സംഘട്ടനവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അറസ്റ്റിലായ അഞ്ചു പ്രതികളെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സിനിമാ ഭ്രാന്ത് പുറത്തു വരുന്നത്. പ്രതികളെല്ലാം ലഹരിമരുന്നിന് അടിമകളായിരുന്നു. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഇവര്‍ ചിത്രീകരിച്ചു സുഹൃത്തുക്കള്‍ക്ക് അയച്ചു. നഗരത്തിലെ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നയാളുടെ മകനും അക്രമി സംഘത്തിലുണ്ട്.
അനന്തു മരിച്ച വിവരം കൊലക്കേസ് പ്രതിയായ മുന്‍ ഗുണ്ടാ നേതാവിനെ മകന്‍ അറിയിച്ചു. അയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഗുണ്ടാ നേതാവിന്റെ മകന്‍ കാമുകിക്ക് അയച്ചതായും സൂചനയുണ്ട്. കാമുകിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. പെണ്‍കുട്ടിയുടെയും അക്രമി സംഘത്തിലുള്ളവരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധനയ്ക്കായി അയച്ചു. കൊലപാതകം നടത്തുന്നതിനു മുന്‍പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് അറസ്റ്റിലായ കിരണ്‍കൃഷ്ണന്‍ , മുഹമ്മദ് റോഷന്‍, അരുണ്‍ബാബു, അഭിലാഷ്, റാം കാര്‍ത്തിക് എന്നിവരെ തെളിവെടുത്തത്. ഫോര്‍ട്ട് എസി പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുക്കാന്‍ എത്തിച്ചത്. വലിയ ജനക്കൂട്ടത്തിന് നടുവിലും പൊലീസ് വലയത്തില്‍ തല ഉയര്‍ത്തി നിന്ന പ്രതികള്‍ കൊലപാതക രീതികള്‍ ഉള്‍പ്പെടെ അഭിനയിച്ചു കാണിച്ചു.