സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്ക്കുന്ന നടി കാവ്യാ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ചിങ്ങപ്പുലരിയില്‍ പുത്തന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് താരം. ലക്ഷ്യയുടെ ബ്രാന്‍ഡായ കസവുസാരിയില്‍ സുന്ദരിയായാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിങ്ങമാസത്തിന്റെ ചാരുതയില്‍പൂവണിയട്ടെ ഓരോ മനസ്സുകളും പുതിയൊരു പൂക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക്
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന കുറിപ്പോടെയാണ് ആദ്യ പോസ്റ്റും ചിത്രവും പങ്ക് വച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വിപണനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോള്‍. ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളുടെ വെബ്‌സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങള്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ നടി ഫോളോ ചെയ്യുന്ന പേജും ലക്ഷ്യയുടേതാണ്.
2016ല്‍ റിലീസ് ചെയ്ത 'പിന്നെയും' എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.