തരിണി കലിംഗരായരുമായുള്ള പ്രണയം പൊതുവേദിയില്‍ വെളിപ്പെടുത്തി നടന്‍ കാളിദാസ് ജയറാം. ഷി അവാര്‍ഡ് വേദിയിലാണ് തരിണിയെ താന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് കാളിദാസ് തുറന്ന് പറഞ്ഞത്. പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്‌കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു. തരിണിയ്ക്ക് പിന്തുണ നല്‍കി ചടങ്ങില്‍ കാളിദാസും എത്തിയിരുന്നു. പുരസ്‌കാരം നല്‍കിയതിന് ശേഷം അവതാരക, 'നിങ്ങള്‍ക്ക് പുറകില്‍ വളരെ അധികം അഭിമാനത്തോടെ ഒരു വ്യക്തിയുണ്ട് എന്ന് ഞങ്ങള്‍ക്ക് മെന്‍ഷന്‍ ചെയ്യാതെ പറ്റില്ല' എന്നു പറഞ്ഞാണ് കാളിദാസിനെ സ്റ്റേജിലേക്ക് വിളിക്കുന്നത്.
വേദിയിലേക്ക് വന്ന കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു, എന്താണ് നിങ്ങള്‍ക്കിടയിലെ ബന്ധം എന്ന് ചോദിച്ചപ്പോഴാണ്, 'കല്യാണം കഴിക്കാന്‍ പോകുകയാണ്' എന്ന് കാളിദാസ് പറഞ്ഞത്. ക്യൂട്ടായിട്ട് തരിണിയോട് എന്തെങ്കിലും പറയാന്‍ ഹോസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ വാരണം ആയിരം സിനിമയില്‍ സൂര്യ സിമ്രനെ പ്രപ്പോസ് ചെയ്യുന്ന സ്റ്റൈലില്‍, സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുന്നതും, പിന്നീട് എടുത്ത് കറങ്ങുന്നതും വീഡിയോയില്‍ കാണാം. പ്രമോ വീഡിയോ ഷി അവാര്‍ഡ് ഇന്‍സ്റ്റഗ്രാം ചാനല്‍ തരിണിയെയും ടാഗ് ചെയ്ത് പങ്കുവയ്ക്കുകയായിരുന്നു.