കലാഭവന്‍ ഹനീഫിനെ കാണാന്‍ രാത്രിയില്‍ തന്നെ ഓടിയെത്തി മമ്മൂക്കയും ദീലിപും ഷെയിൻ നിഗമും; നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി കലാരംഗത്തെ പ്രമുഖര്‍; ദിലീപ് സൂപ്പര്‍ സ്റ്റാറാക്കിയ നടന്‍ കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്

Malayalilife
കലാഭവന്‍ ഹനീഫിനെ കാണാന്‍ രാത്രിയില്‍ തന്നെ ഓടിയെത്തി മമ്മൂക്കയും ദീലിപും ഷെയിൻ നിഗമും; നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി കലാരംഗത്തെ പ്രമുഖര്‍; ദിലീപ് സൂപ്പര്‍ സ്റ്റാറാക്കിയ നടന്‍ കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്

പ്രതീക്ഷിത വിയോഗം. അതാണ് നടന്‍ കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത മലയാളികളെ തേടി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിഭാഗം ആരാധകരും മനസില്‍ കരുതിയത്. ആരാധകര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ വരെ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് അങ്ങനെ തന്നെയായിരുന്നു. 63-ാം വയസില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുമ്പോള്‍ ചിരിച്ചും ചിരിപ്പിച്ചും അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടു പോയ ഒട്ടനവധി കഥാപാത്രങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളും ഉണ്ട്. അതില്‍ എപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ പറക്കും തളികയിലെ പാതി മീശക്കാരനായ മണവാളന്‍ ചെറുക്കന്‍ തന്നെയാണ്.

കലാഭവന്‍ ഹനീഫിനെ അവസാനമായി കാണാന്‍ നിരവധി പേരാണ് 
മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലേക്ക് എത്തുന്നത്്. മമ്മൂട്ടിയും നടന്‍ ദിലീപും പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും രാത്രിയില്‍ തന്നെ തകുടുംബത്തിന് ആശ്വാസമായെത്തി. കലാരംഗത്തെ നിരവധി പേരാണ് അവസാനമായി ഹനീഫിനെ കാണാന്‍ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഹനീഫ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.

എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്റെ ജനനം. വിദ്യാഭ്യാസത്തിനുശേഷം സെയില്‍സ്മാനായി ജോലി നോക്കിയിരുന്നു. ഇതിനൊപ്പംതന്നെ നാടകവേദികളിലും സജീവമായി. തുടര്‍ന്നാണ് കലാഭവനില്‍ എത്തിച്ചേരുന്നത്. പിന്നീട് ട്രൂപ്പിലെതന്നെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി മാറുകയായിരുന്നു.

മിമിക്രി വേദികളിലൂടെയാണ് ഹനീഫ് സിനിമയിലെത്തിയത്. ചെപ്പ് കിലുക്കണ ചങ്ങാതിയാണ് ആദ്യചിത്രം. പറക്കും തളിക എന്ന സിനിമയിലെ മണവാളന്റെ കഥാപാത്രമുള്‍പ്പെടെ നിരവധി കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഇതിനോടകംതന്നെ 150ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റാണ് അവസാന ചിത്രം. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. സംസ്‌കാരം വെള്ളിയാഴ്ച മട്ടാഞ്ചേരിയില്‍.

സന്ദേശം, ഗോഡ്ഫാദര്‍, തെങ്കാശിപ്പട്ടണം, പച്ചക്കുതിര, ഛോട്ടാ മുംബൈ, വെള്ളരിപ്രാവിന്റെ ചങ്ങാതി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ ആന്റണി, ദൃശ്യം, ഉസ്താദ് ഹോട്ടല്‍, സൗണ്ട് തോമ, പത്തേമാരി എന്നിവയാണ് ഏറെ ശ്രദ്ധേയമായ മലയാള സിനിമകള്‍. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ വേഷമിട്ട ഹനീഫ് ഇതിനിടയിലെല്ലാം കുടുംബം മുന്നോട്ടു കൊണ്ടുപോയത് നാട്ടിലും വിദേശത്തുമായി നടന്ന സ്റ്റേജ് ഷോകളിലൂടെയായിരുന്നു. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. 2023ല്‍ പുറത്തിറങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോ, വനിത, ആളങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു.

കൂടാതെ മിന്നുകെട്ടില്‍ തുടങ്ങി സുസുവിലെ സുരഭിയുടെ അച്ഛന്‍ വരെ അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കോമഡിയും മിമിക്സും പിന്നെ ഞാനും' അടക്കം പല ടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളിലാണ് ഹനീഫ് പങ്കെടുത്തിട്ടുള്ളത്.

പ്രിയ സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം ഇപ്പോള്‍. നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. 'എന്റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങള്‍. അകാലത്തിലുള്ള ഈ ഈ യാത്ര വേണ്ടായിരുന്നു എന്റെ പൊന്നു സഹോദരാ.. വേദനയോടെ ഈ പട്ടാളക്കാരന്റെ സല്യൂട്ട് സ്വീകരിച്ചാലും.. പ്രണാമം', എന്നാണ് മേജര്‍ രവി കുറിച്ചത്. 'ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട' എന്നാണ് ദിലീപ് കുറിച്ചത്.  

kalabhavan haneef funeral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES