തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വളസരവാക്കത്തെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
തമിഴ് സിനിമയില്‍ മൂന്നു പതിറ്റാണ്ട് നിരവധി വേഷങ്ങളില്‍ തിളങ്ങിയ പ്രശസ്ത നടന്‍ ടി.എസ്. ബാലയ്യയുടെ മകനാണ്. അതുകൊണ്ട് പില്‍ക്കാലത്ത് ജൂനിയര്‍ ബാലയ്യ എന്ന് രഘു ബാലയ്യ അറിയപ്പെട്ടു .
മേല്‍നോട്ട് മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. ചിന്ന തായെ, പുതുനിലാവ്, ചേരന്‍ ചോഴന്‍, ജയം, നേര്‍കൊണ്ട പാര്‍വെ, മാരാ തുടങ്ങി അന്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അജിത് ചിത്രം നേര്‍കൊണ്ട പാര്‍വെയിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. മലയാളത്തിലും ഏതാനും ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടു. 2021ല്‍ പുറത്തിറങ്ങിയ യെന്നങ്ങാ സര്‍ ഉങ്ക സത്തം ആണ് അവസാന ചിത്രം.