ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായിരുന്നു ജൂഹി ചൗള. മിസ് ഇന്ത്യ പട്ടം അഭിനയ ലോകത്തേക്ക് എത്തിയ ജൂഹി ചൗള അതിവേഗം ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു നടി. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് ജൂഹി. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.
ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് ബാച്ചിലേഴ്സില്‍ ഒരാളായ സല്‍മാന്‍ ഖാന്‍ ജൂഹി ചൗളയെ ഇഷ്ടമായിരുന്നെന്ന് അഭിമുഖത്തില്‍ പറഞ്ഞത് അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ജൂഹിയുടെ വീട്ടില്‍ വിവാഹാലോചനയുമായി ചെന്നെങ്കിലും ജൂഹിയുടെ പിതാവ് അത് നിരസിക്കുകയായിരുന്നെന്നും സല്‍മാന്‍ പറയുന്ന വീഡിയോയാണ് വൈറലായത്. ഇതിലിപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഹി ചൗള.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഹി സല്‍മാന്റെ വിവാഹാലോചനയെക്കുറിച്ച് പ്രതികരിച്ചത്. ചോദ്യത്തിന് ചിരിയായിരുന്നു ആദ്യം താരത്തിന്റെ മറുപടി. ആ സമയത്ത് തനിക്ക് സല്‍മാനെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നെന്ന് ജൂഹി പറഞ്ഞു. 'ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ച സമയത്ത് സല്‍മാന്‍ ഖാന്‍ ഇന്ന് കാണുന്ന സല്‍മാന്‍ ഖാന്‍ ആയിരുന്നില്ല. അദ്ദേഹം നായകനായുള്ള സിനിമ എന്നെ തേടിവന്നെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. വാസ്തവത്തില്‍ അന്നെനിക്ക് സിനിമാ മേഖലയിലെ ആരെയും അറിയാമായിരുന്നില്ല. പക്ഷേ അന്നുമുതല്‍ ഇന്നുവരെ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്തില്ലെന്ന് അവസരം കിട്ടുമ്പോഴെല്ലാം സല്‍മാന്‍ പറയും. നമ്മള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും അനേകം സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്'- നടി വ്യക്തമാക്കി.
സല്‍മാന്‍ ഖാനും ജൂഹി ചൗളയും 1988ലാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ഒരു സിനിമയില്‍ പോലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് ജൂഹി അവസാനമായി അഭിനയിച്ചത്.
അതേ പോലെ നിരവധി ചിത്രങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ഷാരൂഖ് ഖാനും ജൂഹി ചൗളയും സിനിമയിലെ സൗഹൃദം ജീവിതത്തിലും തുടരുന്നവരാണ്. അതിന് ഒരു വലിയ ഉദാഹരണമാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായപ്പോള്‍ ജൂഹി ആള്‍ജാമ്യം നിന്നത്.പ്രതിസന്ധി ഘട്ടത്തില്‍ ഷാരൂഖ് ഖാനെ സഹായിക്കാനായതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അന്ന് താന്‍ ചെയ്തത് ശരിയായിരുന്നുവെന്നാണ് ജൂഹി പറഞ്ഞത്.
ഒരു ലക്ഷം രൂപ ബോണ്ടിലും ജൂഹി ചൗളയുടെ ആള്‍ജാമ്യത്തിലുമാണ് ബോംബെ ഹൈക്കോടതി അന്ന് ആര്യന് ജാമ്യം നല്‍കിയത്. സഹായിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതാണെന്ന് തോന്നിയെന്ന് നടി വ്യക്തമാക്കി. ഷാരൂഖ് ഖാനെ വിരളമായേ കാണാന്‍ സാധിക്കാറുള്ളൂ എന്നും എന്നാല്‍ തന്റെ ഭര്‍ത്താവ് ഷാരൂഖുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു. ഐ പി എല്ലില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ സഹ ഉടമകളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും.