Latest News

നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു;ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്ര;ഓസ്‌കാറില്‍ നിന്ന് മലയാള ചിത്രം '2018' പുറത്തായതോടെ കുറിപ്പുമായി ജൂഡ്

Malayalilife
 നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു;ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്ര;ഓസ്‌കാറില്‍ നിന്ന് മലയാള ചിത്രം '2018' പുറത്തായതോടെ കുറിപ്പുമായി ജൂഡ്

സ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ '2018 എവരിവണ്‍ ഈസ് ഹീറോ' എന്ന ചിത്രത്തിന് ഇടം നേടാനാവാത്തതില്‍ പ്രേക്ഷകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്

'15 സിനിമകളുടെ ചുരുക്കപ്പെട്ടികയിലേക്ക് ഇടം നേടാനായില്ല. നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു. ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു.

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂര്‍വ നേട്ടമാണ്. നിര്‍മാതാക്കള്‍ക്കും, കലാകാരന്മാര്‍ക്കും, ടെക്‌നീഷന്മാര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി'' എന്നാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജൂഡ് പറയുന്നത്.

ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഓസ്‌കറിനായി കാത്തിരുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്ന ചിത്രം കൂടിയാണ് 2018. കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വന്‍ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്സ് ഓഫീസില്‍ 2018 പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കില്‍ 2018 നേടിയത് 10 കോടിയില്‍ അധികമാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018ന്റെ സ്ട്രീമിംഗ്.

വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനന്‍, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവന്‍ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് '2018'ല്‍ വേഷമിട്ടത്.

തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു 2018. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ '2018'ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നല്ല എന്ന വിമര്‍ശനവും ചിത്രത്തിനുണ്ടായിരുന്നു.

jude anthany joseph reacts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES