Latest News

അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; ആദ്യമായി സംവിധായകനാകുന്ന ത്രില്ലില്‍ ജോജു 

Malayalilife
അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; ആദ്യമായി സംവിധായകനാകുന്ന ത്രില്ലില്‍ ജോജു 

സ്വതസിദ്ധമായ ശൈലിയില്‍, ഏതു തരം വേഷങ്ങളും ചെയ്യാന്‍ പ്രാപ്തനായ ഒരു നടന്‍. സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയില്‍ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്ത ജോജു ജോര്‍ജ് ഇതാ മറ്റൊരു വേഷം കൂടി അണിയുകയാണ്..! കരിയറില്‍ ഇരുപത്തിയെട്ടാമത്തെ വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോര്‍ജ്ജ്. സ്വന്തം രചനയില്‍ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോര്‍ജ്ജ്. 'അഭിനയം ഞാന്‍ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ടെന്‍ഷന്‍ ഉണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും''- ജോജുവിന്റെ വാക്കുകളില്‍ തന്റെ അഭിനയം നല്‍കുന്ന ഗ്യാരന്റി താന്‍ സംവിധാനം ചെയ്യുന്ന സിനിമക്കും ഉണ്ടെന്ന് ഉറപ്പിച്ച മട്ടാണ്.

1995 ല്‍ 'മഴവില്‍ കൂടാരം' എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ ജോജു ജോര്‍ജ് എന്ന നടന്‍ കടന്നു വന്ന വഴികള്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍, ചെറിയ വേഷങ്ങളിലൂടെ നായകന്മാര്‍ക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങള്‍. എന്നാല്‍ 28 വര്‍ഷത്തെ അഭിനയ ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍, അന്നത്തെ നായകന്മാര്‍ക്കൊപ്പം നിന്ന ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇന്ന് മുന്‍നിര നായകനായും, ഗായകനായും, നിര്‍മ്മാതാവായും മലയാള സിനിമയില്‍ തന്റെ പേര് സുവര്‍ണ്ണ ലിപികള്‍ കൊണ്ട് എഴുതി ചേര്‍ക്കുകയായിരുന്നു. 

സഹനടനായും മറ്റും അഭിനയം തുടരുന്നതിനിടയില്‍ 2018 ല്‍ പുറത്തിറങ്ങിയ 'ജോസഫ്' എന്ന സിനിമയാണ് ജോജുവിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്‌സ്ഓഫീസില്‍ മിന്നും വിജയം നേടുകയും ചെയ്തു. ജോജുവിന്റെ പൊട്ടന്‍ഷ്യല്‍ എത്രത്തോളമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും ജോസഫിലെ ടൈറ്റില്‍ റോള്‍ അതിന്റെ പാരമ്യത്തില്‍ തൊടുന്നതായിരുന്നു. തുടര്‍ന്ന് സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം 'ചോല'യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ജോജുവിന്റെ സ്ഥാനം അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു. 'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും (ജോസഫ്) ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് 'ജോസഫില്‍' ജോജുവിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ മികച്ച സിനിമകളുടെ നിര്‍മ്മാതാവാകാനും ജോജുവിന് കഴിഞ്ഞു. 

ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രതീക്ഷയും ആവേശവും പ്രേക്ഷകര്‍ക്കും കുറച്ചൊന്നുമല്ല. 'പണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തൃശൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'പണി'യില്‍ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവര്‍ക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. പ്രശസ്ത സംവിധായകന്‍ വേണുവാണ് 'പണി'യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

joju is thrilled to be a director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES