മണിരത്നത്തിന്റെ 'പിഎസ് 2' നാളെ റിലീസിനെത്താനിരിക്കെ അവേശഭരിതമായ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജയറമിന്റെ അമ്പരപ്പിക്കുന്ന മേക്കോവറാണ് പിഎസ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ആഴ്വാര്‍കടിയാന്‍ നമ്പിയായി പൂണൂലും കുടുമയുമായി കണ്ട ജയറാമിന്റെ നീട്ടിയ താടിയും ജടയുമായി കാളാമുഖനായുള്ള മേക്ക് ഓവറാണ് വീഡിയോയില്‍.
താരത്തിന്റെ പുത്തന്‍ മേക്കോവര്‍ കണ്ട് വിസ്മിച്ചിരിക്കുകയാണ് പ്രേക്ഷകരും. ജയറാമിന്റെ മേക്കോവറിന് മികച്ച പ്രതികരണാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.തലമൊട്ടയടിച്ച, കുടവയറുള്ള ആള്‍വാര്‍ കടിയാന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ അവതരിപ്പിക്കുന്നത്. ജയറാമിന്റെ സിനിമാ ജീവിതത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ആള്‍വാര്‍ കടിയാന്‍ നമ്പി. കഥാപാത്രത്തിനായി വലിയ തയാറെടുപ്പോടെയാണ് ജയറാം കാമറക്കു മുന്നിലെത്തിയത്. ആദ്യ പോസ്റ്ററിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ജയറാമിന്റെ ലുക്ക് പിന്നീട് പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗം തിയറ്ററിലെത്തിയപ്പോള്‍ മലയാളി, തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ താരത്തിന്റെ വേറിട്ട ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കാളാമുഖന്‍ എന്ന കഥാപാത്രത്തിന്റെ മേക്കോവര്‍ ചിത്രമാണ് ജയറാം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. ഇതിനൊപ്പം ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സ് പങ്കുവെച്ച പുതിയ സ്‌നീക്ക് പീക്ക് വീഡിയോയില്‍ ജയറാമിന്റെ കാളാമുഖനെ അവതരിപ്പിക്കുന്നുമുണ്ട്. രവിദാസന്‍ മര്‍ദിച്ച് ബലികൊടുക്കുന്നതിനായി കെട്ടിയിട്ടിരിക്കുന്ന കാര്‍ത്തി അവതരിപ്പിച്ച വല്ലവരയ്യന്‍ വന്ദ്യദേവനെ രക്ഷപെടുത്തുന്നതിനായി ജയറാം അവതരിപ്പിച്ച നമ്പി വേഷം മാറിവന്നാണ് കാളാമുഖനായി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അത് നമ്പി വേഷം മാറി വന്നതാണെന്ന് വന്ദ്യദേവന്‍ കണ്ടുപിടിക്കുന്ന രസകരമായി സീനാണ് വീഡിയോയില്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രം ഒന്നാം ഭാഗം വന്നതു മുതല്‍ ചര്‍ച്ചയായിരുന്നു. ഒരുപാട് ഒരുപാട് ആഗ്രഹിച്ച വേഷമാണ് പൊന്നിയിന്‍ സെല്‍വനിലേതെന്ന് ജയറാം തന്നെ പറഞ്ഞിട്ടുണ്ട്. 2023 ല്‍ ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍ -2. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. . ഏപ്രില്‍ 28 ന് വേള്‍ഡ് വൈഡ് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ആദ്യം പുറത്തു വന്ന സ്‌നീക്ക് പീക്ക് വീഡിയോയില്‍ ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റുകള്‍ പുനരാവിഷ്‌കരിക്കുകയും രണ്ടാം ഭാഗത്തിന് ആമുഖം നല്‍കുകയും ചെയ്തിരുന്നു. കമല്‍ഹാസന്റെ വോയ്സ് ഓവറിലാണ് വീഡിയോ എത്തിയിരുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് മണിരത്‌നം സിനിമാ രൂപത്തില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ചോള സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഭരണാധികാരിയായ രാജരാജ ഒന്നാമനായി മാറുന്ന അരുള്‍മൊഴി വര്‍മ്മന്റെ കഥയാണ് പറയുന്നത്. ആദിത്യ കരികാലനായി വിക്രം, നന്ദിനിയായി ഐശ്വര്യ റായി ബച്ചന്‍, കുന്ദവിയായി തൃഷ, അരുള്‍മൊഴി വര്‍മ്മനായി ജയം രവി എന്നിവരും എത്തുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, വിക്രം പ്രഭു, ആര്‍. ശരത്കുമാര്‍, പ്രഭു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.