ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ തമിഴ് താരമാണ് ജാഫര്‍ സാദിഖ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, ഈയിടെ പുറത്തിറങ്ങിയ രജനികാന്തിന്റെ ജയിലറിലടക്കം ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിട്ടുണ്ട് ജാഫര്‍ സാദിഖ്. ഇപ്പോഴിതാ താന്‍ ആരാധിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ കണ്ണട സ്വന്തമാക്കിയ സന്തോഷം ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് ജാഫര്‍.
ജയിലര്‍ സിനിമയില്‍ ചില പ്രധാനപ്പെട്ട സ്‌റ്റൈലിഷ് രംഗത്ത് കറുത്ത കണ്ണട ധരിച്ചാണ് നായകന്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ പോലും ആ രംഗം കാണിക്കാറുണ്ട്. ആ കണ്ണട താന്‍ സ്വന്തമാക്കി?ൃയെന്ന സന്തോഷമാണ് ജാഫറിനുള്ളത്. സൂപ്പര്‍ താരം ധരിച്ച ഈ കണ്ണട താന്‍ സ്വന്തമാക്കി എന്നാണ് ജാഫര്‍ സാദിഖ് കുറിച്ചത്.
''ഞാന്‍ ചോദിച്ചു, അദ്ദേഹം തന്നു... താങ്ക്യൂ മൈ സൂപ്പര്‍സ്റ്റാര്‍... ചിത്രങ്ങള്‍ എല്ലാം പറയും...'' ട്വിറ്ററില്‍ ജാഫര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ഒപ്പം കണ്ണടയുടെ ചിത്രങ്ങളും തന്റെ പഴയ ചിത്രവും ജാഫര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം നാലാം തീയതിയാണ് സൂപ്പര്‍ സ്റ്റാറില്‍ നിന്നുള്ള സമ്മാനം ഏറ്റുവാങ്ങിയതെന്നുള്ള സൂചനയും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുണ്ട്.
പാവ കഥൈകള്‍, വെന്ത് തണിന്തത് കാട് തുടങ്ങിയവയാണ് ജാഫര്‍ സാദിഖിന്റെ പ്രധാന തമിഴ് ചിത്രങ്ങള്‍. ഈയിടെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ജാഫറെത്തി. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് തകര്‍ത്ത് അഭിനയിക്കുന്ന ജയിലര്‍ സിനിമ ഇപ്പോള്‍ അഞ്ഞുറുകോടി കളക്ഷനും കടന്ന് കുതിക്കുകയാണ്.
വില്ലന്‍വേഷത്തില്‍ വിനായകനെത്തിയ ഈ സിനിമയില്‍ മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍, നരസിംഹയായി ശിവരാജ്കുമാര്‍ എന്നിവര്‍ കാമിയോ വേഷങ്ങളിലെത്തി. രമ്യാ കൃഷ്ണന്‍, തമന്ന, സുനില്‍, വസന്ത് രവി, മിര്‍ണാ മേനോന്‍, ജാക്കി ഷ്‌റോഫ് എന്നിവരും താരനിരയിലുണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലറിന്റെ നിര്‍മാണം.