മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്.' മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മണിച്ചിത്രത്താഴ് പ്രേക്ഷകരുടെ നിത്യഹരിത ചിത്രങ്ങളുടെ പട്ടികയില്‍ ഇന്നും മുന്‍പിലാണ്. ഇപ്പോഴും മിനിസ്‌ക്രീനില്‍ വന്‍ സ്വീകാര്യത നേടുന്ന ചിത്രത്തെക്കുറിച് ജാഫര്‍ ഇടുക്കി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മണിച്ചിത്രത്താഴ് ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലായിരുന്നു എന്നാണ് നടന്‍ ജാഫര്‍ ഇടുക്കി പറയുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.'ഇപ്പോഴാണ് മണിച്ചിത്രത്താഴ് ഇറങ്ങിയിരുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം ആദ്യ ദിവസം തന്നെ സിനിമയുടെ സസ്‌പെന്‍സ് കുറേപേര്‍ ഫോണില്‍ പകര്‍ത്തും.
മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കില്‍ വല്ല ഗുഹയില്‍ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫര്‍ ഇടുക്കി പറയുന്നു.
ഒളിച്ചും പാത്തും വല്ല ഗുഹയില്‍ ചെന്ന് ഷൂട്ടിംഗ് നടത്തേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോണ്‍ റെക്കോര്‍ഡിംഗ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും അവര്‍ റെക്കോര്‍ഡ് ചെയ്യും. അങ്ങനെ ഒരാള്‍ ചെയ്യുമ്പോള്‍ നിര്‍മാതാവിന്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയാമോ? എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ? അതാണ് ഒരൊറ്റ ക്ലിക്കില്‍ ഒന്നും അല്ലാതെ ആക്കുന്നത്. ' - ജാഫര്‍ ഇടുക്കി പറഞ്ഞു.