Latest News

ഫാമിലി, പാരഡൈസ്;  ന്യൂട്ടണ്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ ഒരു ചലച്ചിത്രോത്സവത്തില്‍

Malayalilife
ഫാമിലി, പാരഡൈസ്;  ന്യൂട്ടണ്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ ഒരു ചലച്ചിത്രോത്സവത്തില്‍

ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സരവിഭാഗത്തില്‍ ഫാമിലിയും, ലോക സിനിമ വിഭാഗത്തില്‍ പാരഡൈസുമാണു തിരഞ്ഞെടുക്കപ്പെട്ടത്.  ഒരേ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ ഒരു ചലച്ചിത്രോത്സവത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെടുന്നത് അപൂര്‍വ്വമായാണു.  നംവബറില്‍ നടന്ന ധര്‍മ്മശാല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഈ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
 
വിഖ്യാത ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്തിരിക്കുന്ന 'പാരഡൈസ്' പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് മണിരത്‌നം നേതൃത്വം നല്‍കുന്ന മദ്രാസ് ടാക്കീസാണ്. അഞ്ച് നെറ്റ്പാക്ക് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തിലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ സംവിധാനസംരംഭമാണു പാരഡൈസ്. റോഷന്‍ മാത്യു ,  ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ശ്രീലങ്കന്‍ സിനിമയിലെ പ്രശസ്ത അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോയും, മഹേന്ദ്ര പെരേരയും ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. രാജീവ് രവി ഛായഗ്രാഹണവും ,  ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് 'കെ'യാണു. തപസ് നായ്ക്കാണു ശബ്ദസന്നിവേശം.
 
ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചലച്ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്‌കാരം നേടിയ പാരഡൈസിനു ദേശീയ - അന്തര്‍ദേശീയ നിരൂപകരില്‍ നിന്നു മികച്ച അഭിപ്രായങ്ങളാണു ലഭിച്ചു കൊണ്ടിരിക്കുന്നത്.  2022ല്‍ ശ്രീലങ്ക നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു പാരഡൈസിനു പശ്ചാത്തലമാകുന്നത്.പൂര്‍ണ്ണമായും ശ്രീലങ്കയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചലച്ചിത്രം എന്ന പ്രത്യേകത കൂടി പാരഡൈസിനുണ്ട്. മണിരത്‌നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണു പാരഡൈസ്.
 
ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്ന 'ഫാമിലി' സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ ഡോണ്‍ പാലത്തറയാണു. ശവം,  സന്തോഷത്തിന്റെ ഒന്നാം രഹസ്യം,  1956 മദ്ധ്യതിരുവിതാംകൂര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിന്റെ ആറാമത് സംവിധാനസംരംഭമാണു ഫാമിലി. വിനയ് ഫോര്‍ട്ട്,  ദിവ്യപ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍  മാത്യു തോമസ്,  നില്‍ജ കെ ബേബി,  ആര്‍ഷ ബൈജു,  ജെയിന്‍ ആന്‍ഡ്രൂസ്,  ജോളി ചിറയത്ത്,  സജിത മഠത്തില്‍,  അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീല്‍ ബാദുഷ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ സി.ജെയും,  ശബ്ദസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണു.
 
ഡോണ്‍ പാലത്തറയും,  ഷെറിന്‍ കാതറിനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന 'ഫാമിലി' ഇടുക്കിയുടെ പശ്ചാത്തലത്തില്‍,  ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീര്‍ണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു.
 
റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഫാമിലി നിരവധി  അന്തര്‍ദ്ദേശീയ വേദികളില്‍ നിന്നു അംഗീകാരവും,  നിരൂപകപ്രശംസയും പിടിച്ച് പറ്റിയതിനു ശേഷമാണു ഐ.എഫ്.എഫ്.കെയിലേയ്‌കെത്തുന്നത്.
 
ഫാമിലി 2024 ഫെബ്രുവരിയോടെയും , പാരഡൈസ് 2024 മാര്‍ച്ചോടെയും തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സെഞ്ചുറി ഫിലിംസാണു രണ്ടു ചിത്രങ്ങളും വിതരണം ചെയ്യുന്നത്.
 
ഈ രണ്ട് ചിത്രങ്ങള്‍ക്കും,  ഇവയില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ക്കും,  അഭിനേതാകള്‍ക്കും അന്താരാഷ്ട്ര വേദികളില്‍ നിന്നു ലഭിച്ച അംഗീകാരങ്ങളും അഭിനന്ദനങ്ങളും വാക്കുകള്‍ക്കതീതമാണെന്നും,  ഫാമിലിയും പാരഡൈസും നിര്‍മ്മിക്കാന്‍ സാധിച്ചതിലും,  കേരളത്തിന്റെ സ്വന്തം ഐ.എഫ്.എഫ്.കെയില്‍ ഈ രണ്ട് ചിത്രങ്ങള്‍ എത്തിക്കാന്‍ സാധിച്ചതിലും വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും ,   നിര്‍മ്മാതാവായ ആന്റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.
 
കോവിഡാനന്തര കാലത്ത് ഉള്ളടക്കത്തിനു പ്രാധാന്യമുള്ള സിനിമകള്‍ക്കായി പ്രദര്‍ശനശാലകളും,  ആസ്വാദകരുമുള്‍പ്പെടുന്ന ഒരു അന്തര്‍ദ്ദേശീയ ശൃംഖല സൃഷ്ടിക്കാനുതകുന്ന മികച്ച സിനിമകള്‍ നിരന്തരമായി നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമാണു ന്യൂട്ടണ്‍ സിനിമ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
 
സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന കഥകള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ആന്റോ ചിറ്റിലപ്പിള്ളി,  സനിതാ ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് 2020ല്‍ ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ ന്യൂട്ടണ്‍ സിനിമ ആരംഭിക്കുന്നത്. ലോസ് ആഞ്ചലസ്,  ബോസ്റ്റണ്‍,  സാന്‍ഫ്രാന്‍സിസ്‌കോ,  മുംബൈ,  കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണു ന്യൂട്ടണ്‍ സിനിമ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

iffk 2023 newton cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES