സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസിനെതിരേ വര്‍ഗീയ പ്രചരണം. ഷോയിലെ ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് സമൂഹിക മാധ്യമത്തില്‍ ഒരു വിഭാഗം ഷോ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നത്. ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന് മുസ്ലീം പുരുഷനും ഹിന്ദു വനിതയും കിടയ്ക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്നും ഷോ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധിപേര്‍ രംഗത്തെത്തി.
എന്നാല്‍ ഈ ചിത്രം മാഹിറ ശര്‍മയുടെയും അസീം റിയാസിന്റേതുമായിരുന്നില്ല. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികളായ സൂയാഷ് റായിയുടെയും കിഷ്വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസന്‍ 9 ല്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരായി.